രാജ്കോട്ട്: നായകന് രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും സെഞ്ചുറി കരുത്തോടെയും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ മിന്നര്‍ പിണര്‍ ബാറ്റിങ്ങും ചേര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ഭാരതം ആധിപത്യം പുലര്‍ത്തി. ഭാരത ബാറ്റിങ്ങിനിടയിലേക്ക് ഇംഗ്ലണ്ട് താരം പിച്ചിനകത്തും പുറത്തുമായി നടത്തിയ ഏറുകളാണ് ആതിഥേയര്‍ക്ക് അല്‍പ്പം തലവേദന സൃഷ്ടിച്ചത്. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ സെഞ്ചുറിക്കാരന്‍ ജഡേജ ക്രീസിലുണ്ട്. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുല്‍ദീപ് ദായവ്(പൂജ്യം) ഒപ്പമുണ്ട്.
വലിയൊരു തകര്‍ച്ചയോടെയാണ് ഭാരതത്തിന്റെ മൂന്നാം അങ്കം തുടങ്ങിയത്. പത്ത് ഓവര്‍ തികയും മുമ്പേ മൂന്ന് വിക്കറ്റുകള്‍ വീണ് ടീം പ്രതിസന്ധിയിലായി. പത്ത് പന്തില്‍ പത്ത് റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്കി മടങ്ങി. അധികം വൈകാതെ വുഡിന് വിക്കറ്റ് സമ്മാനിച്ച് പുജ്യനായി ഗില്ലും തിരിഞ്ഞുനടന്നു. പിന്നീടെത്തിയ രജത്ത് പാട്ടിദാര്‍(അഞ്ച്) സ്പിന്നര്‍ ടോം ഹര്ട്ട്ലിക്ക് മുന്നില്‍ കീഴ്പ്പെട്ടു.
വെറും 8.5 ഓവറില്‍ 33 റണ്‍സില്‍ ഭാരതത്തിന്റെ മൂന്ന് വിക്കറ്റുകള്‍ വീണുകഴിഞ്ഞു. പരിചയ സമ്പന്നരായ മദ്ധ്യനിര ബാറ്റര്‍മാരുടെ അഭാവത്തില്‍ ഇറങ്ങിയ ഭാരത നിരയില്‍ അഞ്ചാമനായെത്തിയത് സ്പെഷ്യലിസ്റ്റ് ബാറ്ററല്ലാത്ത രവീന്ദ്ര ജഡേജ. ഭാരതം അതിവേഗം എന്തേ ഇങ്ങനെ പലരും ശങ്കിച്ചു നിന്ന നിമിഷം ഹാര്ട്ട്ലിയുടെ പന്തില്‍ മറ്റൊരു ഇടിത്തീ. രോഹിത് ഒന്നാം സ്ലിപ്പില്‍ നിന്ന റൂട്ടിന്റെ കൈകളില്‍ തീര്‍ന്നെന്നു കരുതിയതാണ്, പക്ഷെ റൂട്ടിന് പിടികൂടാനായില്ല. ഭാരതം ആശ്വസിച്ചു. പിന്നെ രോഹിത്തും ജഡേജയും ചേര്‍ന്ന് ഇന്നിങ്സ് ഭദ്രമാക്കുന്ന കാഴ്ച്ചയാണ് കണ്ടത്.
ഭയാശങ്കകള്‍ക്ക് സ്ഥാനമില്ലാതെ ഇംഗ്ലീഷ് ബൗളര്‍മാരെ രോഹിത് തലങ്ങും വിലങ്ങും പായിച്ചു. ജഡേജ മികച്ച പിന്തുണക്കാരന്റെ റോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇരുവരും ചേര്‍ന്ന് ഇന്നിങ്സ് ദൃഢമാക്കി. 25 ഓവറുകള്‍ പൂര്‍ത്തിയാക്കി ഉച്ചയൂണിന് പിരിയുമ്പോള്‍ ഭാരതം നൂറ് തികച്ചിരുന്നില്ലെങ്കിലും ഇന്നിങ്സ് ഭദ്രമാകുന്ന പ്രതീതിയില്‍ ഇരുവരും മികവുപുലര്ത്താന് തുടങ്ങിയിരുന്നു. ഈ സമയം രോഹിത് അര്‍ദ്ധസെഞ്ചുറിയും പൂര്‍ത്തിയാക്കി(74 പന്തില്‍ 52).
ഇംഗ്ലീഷ് ബൗളര്‍മാരെ വശംകെടുത്തിയ ഈ കൂട്ടുകെട്ട് 204 റണ്‍സ് ചേര്‍ത്തുകൊണ്ട് ഭാരതത്തിന് ആശ്വാസമേകി. 52.3-ാം ഓവറില്‍ റെഹാന് അഹമ്മദിന്റെ പന്തില്‍ രണ്ട് റണ്‍സെടുത്ത് രോഹിത് കരിയറിലെ 11-ാം ടെസ്റ്റ് സെഞ്ചുറി തികച്ചു. പിന്നീട് 63.3-ാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ വ്യക്തിഗത സ്കോര്‍ 131ല്‍ നില്‍ക്കെ രോഹിത് പുറത്തായി. 196 പന്തില്‍ 14 ബൗണ്ടറികളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
ആറാമനായി അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന് ക്രീസിലെത്തി. ഏകദിന ശൈയിലിയല് സര്‍ഫറാസ് അരങ്ങേറ്റം ആഘോഷമാക്കി. സെഞ്ചുറിയുടെ വക്കോളമെത്തിയ രവീന്ദ്ര ജഡേജയെ മറുവശത്ത് കാഴ്ച്ചക്കാരനായി നിര്‍ത്തിക്കൊണ്ടായിരുന്നു സര്‍ഫറാസിന്റെ ഞെട്ടിക്കുന്ന ബാറ്റിങ്. താരത്തിന്റെ പ്രകടനത്തോടെ ഭാരതം ആദ്യദിനം 300നപ്പുറമുള്ള സ്കോര്‍ ഉറപ്പാക്കി. 48 പന്തുകളില്‍ സര്‍ഫറാസ് അര്‍ദ്ധസെഞ്ചുറി തികയ്ക്കുമ്പോള്‍ ഭാരതം 77-ാം ഓവറില്‍ 299 റണ്‍സിലെത്തി. പിന്നെയും സര്‍ഫറാസ് തന്റെ ആക്രമണോത്സുക ബാറ്റിങ് തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ അശ്രദ്ധമായൊരു റണ്ണൗട്ടിലൂടെ പുറത്താകുകയും ചെയ്തു. 66 പന്തില്‍ 62 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഇന്നിങ്സിലെ ആ വലിയ നഷ്ടം സംഭവിച്ചത്. സ്ട്രൈക്കില്‍ 99 റണ്‍സെടുത്ത് നിന്ന രവീന്ദ്ര ജഡേജയ്ക്ക് സെഞ്ചുറി തികയ്ക്കാന്‍ ഇപ്പുറത്ത് നിന്നും സര്‍ഫറാസ് തിടുക്കം കാട്ടി സിംഗിളിന് ശ്രമിച്ചു, തിരിച്ച് ക്രീസില്‍ കയറും മമ്പേ നേരിട്ടുള്ള ഏറില്‍ മാര്‍ക്ക് വുഡ് കുറ്റി തെറിപ്പിച്ചു. സെഞ്ചുറി പ്രകടനത്തിലേക്ക് കുതിച്ച അരങ്ങേറ്റ ഇന്നിങ്സ് അശ്രദ്ധമായി വലിച്ചെറിയേണ്ടിവന്നെങ്കിലും ഭാരത ഇന്നിങ്സിന് മികച്ച ഊര്‍ജ്ജം പകര്‍ന്നാണ് താരം പുറത്തായത്. അഞ്ചാം വിക്കറ്റില്‍ നേടിയ 77 റണ്‍സില്‍ മൂക്കാല്‍ ഭാഗത്തിലേറെയും പിറന്നത് സര്‍ഫറാസിന്റെ ബാറ്റില്‍ നിന്നായിരുന്നു. തൊട്ടടുത്ത പന്തില്‍ ജഡേജ സെഞ്ചുറി തികച്ചെങ്കിലും സര്‍ഫറാസിന്റെ പുറത്താകല്‍ കാരണം താരം വലിയ ആഹ്ലാദങ്ങളിലേക്ക് കടന്നില്ല. സര്‍ഫറാസിന് പകരക്കാരനായെത്തിയത് കുല്‍ദീപ് യാദവ് ആണ്.
മൂന്ന് വിക്കറ്റ് സ്വന്തമാക്കുകയും അപകടകാരിയായ സര്‍ഫറാസിനെ റണ്ണൗട്ടിലൂടെ പുറത്താക്കുകയും ചെയ്ത മാര്‍ക്ക് വുഡ് ആണ് ആദ്യദിനം ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും ആശ്വാസമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: