കൊല്‍ക്കത്ത: ഹിന്ദുസ്ത്രീകള്‍ക്കെതിരെ വ്യാപകമായ അതിക്രമം നടന്ന ബംഗാളിലെ സന്ദേശ് ഖാലിയിലേക്ക് ആറംഗ അന്വേഷണസംഘത്തെ നിയോഗിച്ച് ബിജെപി. സുന്ദര്‍ബനിലെ സന്ദേശ് ഖാലി സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനും ഇരകളുമായി നേരിട്ട് സംവദിക്കനും ഉന്നതതല സമിതിക്ക് ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നിര്‍ദേശം നല്കി. കേന്ദ്രമന്ത്രി അന്നപൂര്‍ണാ ദേവിയുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം. പ്രതിമ ഭൗമിക്, ബിജെപി എംപിമാരായ സുനിത ദുഗ്ഗല്‍, കവിത പട്ടീദാര്‍, സംഗീത യാദവ്, ബ്രിജ്ലാല് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സന്ദേശ് ഖാലിയില്നിന്ന് പുറത്തുവരുന്ന സംഭവങ്ങള്‍ ഹൃദയഭേദകമാണെന്ന് നദ്ദ പറഞ്ഞു. മമതയുടെ സര്‍ക്കാര്‍ അക്രമങ്ങള്‍ കണ്ടുനില്ക്കുകയാണ്. അവരുടെ പാര്‍ട്ടിക്കാരാണ് ഈ കൊടുംക്രൂരതകള്‍ ചെയ്യുന്നതെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാത്തത് അപലപനീയമാണ്. ബംഗാളിലുടനീളം ക്രമസമാധാനം തകര്‍ന്നു. ഗവര്‍ണര്‍ക്ക് നേരെ പോലും അക്രമികള്‍ രംഗത്തുവരുന്നു എന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് നദ്ദ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിനെ തല്ലിയൊതുക്കാനാണ് മമത ബാനര്‍ജി ശ്രമിച്ചത്. ലാത്തിച്ചാര്‍ജിനിടെ സുകാന്ത മജുംദാറിന് പരിക്കേറ്റതും നദ്ദ ചൂണ്ടിക്കാട്ടി. അതേസമയം സന്ദേശ് ഖാലി ഉള്‍പ്പെടെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ 500 മീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 19 വരെയാണ് നിരോധനാജ്ഞ.
ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ അരാജകത്വമാണ് നടമാടുന്നതെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. സ്ഥിതി ആശങ്കാജനകമാണ്. സ്ത്രീകളുടെ മാനം കാക്കുന്നതില്‍ മമത തികഞ്ഞ പരാജയമാണ്. ബലാത്സംഗത്തെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയാണ് അവരെന്ന് ഭാട്ടിയ എക്സില്‍ കുറിച്ചു. ബംഗാളിലെ പോലീസ് മമതയ്ക്ക് പാദസേവ ചെയ്യുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യയും കുറ്റപ്പെടുത്തി. അമ്മമാര്‍ക്കും സോദരിമാര്‍ക്കും നീതി തേടിയാണ് ബിജെപി സമരം ചെയ്യുന്നത്. അത് തടയാന്‍ മമതയുടെ ക്രിമിനല്‍ പോലീസിന് കഴിയില്ലെന്ന് അമിത് മാളവ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: