ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമ്മുകാശ്മീരില്‍ എല്ലാ സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. ‘സീറ്റ് വിഭജനത്തെ സംബന്ധിച്ചിടത്തോളം, നാഷണല്‍ കോണ്‍ഫറന്‍സ് സ്വന്തം ശക്തിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് രണ്ട് അഭിപ്രായമില്ല. ഇതില്‍ ഇനി ചോദ്യങ്ങള്‍ ഉണ്ടാകരുത്. ഈ കൂട്ടുകെട്ടിനെക്കുറിച്ച് ഇനി ചോദ്യങ്ങളൊന്നും ഉണ്ടാകരുത്’ അബ്ദുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.
പാർലമെൻ്റ് തെരഞ്ഞെടുപ്പിനൊപ്പം ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകൾ നടക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. മൂന്ന് തവണ ജമ്മുകശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ള ഇൻഡി സഖ്യത്തിലെ ശക്തനായ അംഗമായിരുന്നു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് തന്റെ പാര്‍ട്ടി പെട്ടെന്നുള്ള ഈ തീരുമാനമെടുത്തതെന്ന് അബ്ദുള്ള വിശദീകരിച്ചില്ല.
അതേസമയം, ഇൻഡി സഖ്യത്തിന്റെ സീറ്റ് പങ്കിടല്‍ ക്രമീകരണങ്ങളിലെ സമവായമില്ലായ്മയെക്കുറിച്ച് കഴിഞ്ഞ മാസം അബ്ദുള്ള ആശങ്ക പ്രകടിപ്പിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ച അബ്ദുള്ള, രാജ്യത്തെ രക്ഷിക്കണമെങ്കില്‍ ഭിന്നതകള്‍ മറന്ന് രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്ന് പറഞ്ഞു.
കൂടാതെ, ജമ്മുകശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അബ്ദുള്ളയെ വിളിച്ചുവരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: