ഇവിടെ പച്ചക്കറികളില്‍ ആളുകള്‍ക്ക് താല്പര്യമില്ല. ഉരുളക്കിഴങ്ങല്ലാതെ വേറൊരു കറിസാധനവും ഇവിടെ കിട്ടാനില്ല. താഴ്‌വാരപ്രദേശങ്ങളില്‍നിന്നു കൊണ്ടുവരേണ്ടതിനാലും വാഹനസൗകര്യങ്ങള്‍ ഇല്ലായ്കയാലും ഉരുളക്കിഴങ്ങിനും വലിയവിലയാണ്. താവളസ്ഥലങ്ങളില്‍ സേറിന് ഒരുരൂപാ വിലയ്‌ക്കാണ് വില്ക്കുന്നത്. ഇവിടങ്ങളില്‍ ചെറിയ ചെറിയ അരുവികളുമുണ്ട്. അതു പ്രയോജനപ്പെടുത്തി അല്പമൊക്കെ ജലസേചനവും ചെയ്യാറുണ്ട്. എന്നാലും പച്ചക്കറികള്‍ കൃഷിചെയ്യാറില്ല. നിത്യവും ഉരുളക്കിഴങ്ങുതന്നെ തിന്നു മടുത്തു. ഇവിടുത്തെ ആളുകളോടും കച്ചവടക്കാരോടും ചോദിച്ചതില്‍ നിന്നു ഇവിടുത്തെ വനങ്ങളില്‍് വൃക്ഷങ്ങളുടെ ഇടയില്‍ കാണുന്ന മൂന്നുതരം ചെടികളുടെ ഇല കറിവയ്‌ക്കാന്‍ കൊള്ളാവുന്നതാണെന്ന് മനസ്സിലായി. 1)മോര്ച്ച 2)ലിംഗഡാ 3)കോലാ.
പര്‍വതവാസികളിലൊരുവനു പൈസ കൊടുത്ത് ഇതിലേതെങ്കിലുമൊരു കറിസാധനം(ഇല) കൊണ്ടുവരാന്‍ പറഞ്ഞയച്ചു. താവളസ്ഥലത്തിന് പിന്നിലായി ഇതിന്റെ ചെടിയുണ്ടായിരുന്നു. പറഞ്ഞിരുന്നതിനിടയില്‍ അയാള്‍ രണ്ടുമൂന്നു സേര്‍ (ഒന്നൊന്നര കിലോ) മോര്‍ച്ചയുടെ ഇല മുറിച്ചുകൊണ്ടുവന്നു. ഇതിന്റെ കറി ഉണ്ടാക്കുന്ന രീതിയും അയാളോടു ചോദിച്ചു മനസ്സിലാക്കി. അതനുസരിച്ച് ഉണ്ടാക്കി. നല്ല സ്വാദായിരുന്നു. അടുത്തദിവസം ‘ലിംഗഡാ’യുടെയും അതിനടുത്ത ദിവസം കോലയുടെയും ഇലകള്‍ ഇതുപോലെ വരുത്തി കറിവച്ചുകൂട്ടി. മൂന്നുതരം ഇലകളും ഒന്നിനൊന്ന് മെച്ചപ്പെട്ട സ്വാദുള്ളതായിരുന്നു. മനസ്സു സന്തുഷ്ടമായി. ഇതു കൂട്ടിയപ്പോള്‍ ഒരു മാസമായി പച്ചക്കറികള്‍ കൂട്ടാതിരുന്നതിന്റെ കേടുതീര്‍ന്നു.
അവിടംതൊട്ടു വഴിയിലും താവളങ്ങളിലും വച്ച് പര്‍വതവാസികളെ കണ്ടുമുട്ടാറുണ്ടായിരുന്നു. അവരോടൊക്കെ, ഇത്ര സ്വാദുള്ള പച്ചക്കറികള്‍ ഇവിടെ ഉണ്ടായിട്ടും ആരും ഉപയോഗിക്കാത്തതെന്താണെന്ന് ഞാന്‍ ചോദിക്കുമായിരുന്നു. ആരോഗ്യപരമായി നോക്കിയാലും ഇലക്കറികള്‍ വളരെ പ്രയോജനകരമാണല്ലോ. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് അവരില്‍ ചിലരെല്ലാം സമ്മതിച്ചു. മറ്റുള്ളവര്‍ ഉപേക്ഷാഭാവത്തില്‍ ചര്‍ച്ച നിര്‍ത്തി.
എന്റെ ചിന്ത ഇപ്രകാരം തുടര്‍ന്നു: ഏത് സാധനത്തിന്റെയും പ്രയോജനം അറിഞ്ഞെങ്കില്‍ മാത്രമേ, അതിന്റെ മഹത്ത്വം മനസ്സിലാക്കാന്‍ പറ്റൂ. എന്റെ അഭിപ്രായത്തില്‍ മൂന്നുതരം ഇലക്കറികളും പ്രയോജനപ്രദമായിരുന്നു. ഈ വനവാസികള്‍ക്ക് അതിന്റെ പ്രയോജനം അറിയില്ലായിരുന്നതിനാല്‍, അടുക്കല്‍ തന്നെ ധാരാളമായി ഉണ്ടായിരുന്നിട്ടും ഉപയോഗിച്ചിരുന്നില്ല. എന്തു സാധനമായാലും അതിന്റെ പ്രയോജനമറിയാതെ, അനുഭവിച്ചറിയാതെ അതില്‍ ആകൃഷ്ടരാവുകയോ ഉപയോഗിക്കാന്‍ തുനിയുകയോ ചെയ്യുകയില്ല. അതിനാല്‍ ഒരു വസ്തു മഹത്ത്വപൂര്‍ണമായിരിക്കുന്നതിലും വലുതാണ് അതിന്റെ ഉപയോഗം അറിഞ്ഞിരിക്കുക.
നമ്മുടെ ചുറ്റുംതന്നെ, പ്രയോജനം മനസ്സിലായാല്‍ ആശാവഹമായ ഫലം ചെയ്യുന്ന എത്രയോ കാര്യങ്ങളുണ്ട്. ബ്രഹ്മചര്യം, വ്യായാമം, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേല്ക്കുക, സന്ധ്യാവന്ദനം, സമയം ഉചിതമായി ചെലവഴിക്കുക, സാത്വികാഹാരം, ക്രമബന്ധമായ ദിനചര്യ, ദുശ്ശീലങ്ങളിലകപ്പെടാതിരിക്കല്‍, മധുരഭാഷണം, സഭ്യമായ പെരുമാറ്റം ഇത്യാദി അത്യധികം പ്രയോജനകരവും പ്രായോഗികമാക്കാന്‍ പ്രയാസമില്ലാത്തതുമായ കാര്യങ്ങള്‍ നമ്മിലെത്രയോപേര്‍ അവഗണിച്ച് വ്യര്‍ത്ഥമെന്ന് കണക്കാക്കി, ഉപേക്ഷിച്ച്, ജീവിതത്തില്‍ ഉള്‍ക്കൊള്ളിക്കാതെ, അമൂല്യമായ പ്രയോജനം ഉപയോഗപ്പെടുത്താതെ കഴിയുന്നു.
ഉപയോഗം മനസ്സിലാകാത്തതു കാരണം ഗിരിവര്‍ഗക്കാര്‍ തങ്ങളുടെ സമീപം ധാരാളമായിട്ടുളള ഇലക്കറികള്‍ ഉപയോഗിക്കാതെ കഴിയുന്നു. അതില്‍ അവരെ പഴിക്കുന്നതില്‍ അര്‍ത്ഥമില്ല. നമ്മുടെ പക്കല്‍ തന്നെ ആത്മീയോദ്ധാരണത്തിനുള്ള അനവധി ഉപയോഗപ്രദമായ കാര്യങ്ങളുണ്ടായിട്ടും നമ്മിലെത്ര പേരാണ് അത് പ്രയോജനപ്പെടുത്തുന്നത്? മൗഢ്യത്തിന്റെ കാര്യത്തിലും ആരും ആരുടെയും പിന്നിലാവരുതല്ലോ.
മേഘങ്ങളോളം ചെന്നെത്തി
ഇന്നു രാവിലെതൊട്ടേ മഴ തുടങ്ങി. സാധാരണയായിത്തന്നെ പര്‍വതശിഖരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നിത്യവും മേഘങ്ങള്‍ കാണാറുണ്ട്. എന്നാല് അവ ഇന്നു വളരെ താണിറങ്ങിവന്നിരുന്നു. പിന്നിട്ട താഴ്‌വര സമുദ്രനിരപ്പില്‍നിന്നും 10,000 അടി ഉയരത്തിലായിരുന്നു. മേഘങ്ങള്‍് നമ്മെ ആക്രമിച്ച് നമ്മെ മറികടന്ന് പോകുന്നതുവരെ മനോഹരവും കൗതുകപൂര്‍ണവുമായ കാഴ്ച ആയിരുന്നു. കടഞ്ഞെടുത്ത പഞ്ഞികൊണ്ടുള്ള പര്‍വതം കണക്കെ നീരാവിയാലുണ്ടാക്കപ്പെട്ട ഈ മേഘങ്ങള്‍് നിര്‍ഭയം ഞങ്ങളുടെ അടുത്തേയ്‌ക്ക് വന്നുകൊണ്ടിരുന്നു. കനത്ത മൂടല്‍മഞ്ഞുപോലെ ഒരു വെളുത്ത ഇരുട്ട് ഞങ്ങള്‍ക്ക് ചുറ്റും വ്യാപിച്ചിരുന്നു. വസ്ത്രങ്ങളില്‍ ഈര്‍പ്പവും ശരീരത്തിന് നനവും സംഭവിച്ചു. അപ്പോള്‍ മഴ പെയ്തിരുന്നെങ്കില്‍ മേഘങ്ങള്‍ അലിഞ്ഞു മഴത്തുള്ളികളാകുന്നത് എങ്ങനെയെന്ന് വളരെ അടുത്തുനിന്നു കാണാന്‍ കഴിയുമായിരുന്നു.
ഞങ്ങള്‍ ഗ്രാമത്തില്‍ വച്ചു മേഘങ്ങള്‍ കാണുമ്പോള്‍ അവ വളരെ ഉയരത്തിലായിട്ടാണ് കാണപ്പെട്ടിരുന്നത്. മേഘങ്ങളുള്ളിടത്താണ് ദേവന്മാര്‍ പാര്‍ക്കുന്നതെന്ന് അമ്മൂമ്മ പറയുമായിരുന്നു. മേഘങ്ങള്‍ ദേവന്മാരുടെ വാഹനങ്ങളാണെന്നും അവയ്‌ക്കുമേല്‍ കയറി എവിടെയും യാത്ര ചെയ്യുമെന്നും ഇഷ്ടമുള്ളിടത്തു മഴ പെയ്യിക്കുമെന്നും പറഞ്ഞു കേള്‍പ്പിച്ചിരുന്നു. മേഘങ്ങളുടെ പുറത്തുകയറാന്‍ പറ്റിയിരുന്നെങ്കില്‍ എന്തു രസമായിരുന്നേനേ, ഇഷ്ടാനുസരണം എങ്ങും സഞ്ചരിക്കാമായിരുന്നല്ലോ എന്നൊക്കെ കുട്ടിക്കാലത്ത് ഭാവനയില്‍ കാണുമായിരുന്നു. മേഘം വളരെയധികം വിലയുള്ള ഒരു വസ്തുവാണ്, വിമാനത്തേക്കാളും പലമടങ്ങു വിലയേറിയതാണ് എന്നായിരുന്നു അന്നത്തെ എന്റെ വിചാരം. വിമാനം ഓടിക്കണമെങ്കില്‍ അതു വാങ്ങണം, ഓടിക്കാന്‍ പഠിക്കണം, എണ്ണയും പെട്രോളും വാങ്ങണം. ഇതൊക്കെ പെട്ടെന്നു സാധിക്കുന്ന കാര്യങ്ങളല്ലായിരുന്നു. എന്നാല്‍ മേഘങ്ങളോ, ഒന്നും ചെയ്യേണ്ടതില്ല, പുറത്തു കയറുക, പോകുക, അത്രതന്നെ.
ഇന്ന്, കുട്ടിക്കാലത്ത് സങ്കല്പിച്ചിരുന്നതുപോലെ മേഘങ്ങളുടെ പുറത്തു കയറി സഞ്ചരിച്ചില്ലയെങ്കിലും ഞങ്ങളുടെ അടുത്തുകൂടെ മേഘങ്ങള്‍ പറന്നുപോകുന്നത് കണ്ടപ്പോള്‍ വളരെ ആനന്ദം അനുഭവപ്പെട്ടു. മേഘങ്ങള്‍ ഞങ്ങളുടെ കാല്ച്ചുവട്ടിലാകത്തക്ക നിലയില് എത്തിച്ചേര്‍ന്നുവല്ലോ! സുദൂരവും, ഉന്നതവും, പ്രാപിക്കാന്‍ പ്രയാസമേറിയതുമായി കാണുന്ന ലക്ഷ്യത്തില്‍ ഇതുപോലെ എത്തുവാന്‍ കഴിഞ്ഞിരുന്നെങ്കിലോ എന്ന് ഞാന്‍ ചിന്തിച്ചുപോയി. പര്‍വതാരോഹണത്തിനുള്ള ശ്രമത്തില്‍ മേഘങ്ങളോളം ഉയരത്തിലെത്താന്‍ കഴിഞ്ഞു. കര്‍ത്തവ്യകര്‍മ്മമെന്ന ഹിമാലയവും ഇതുപോലെ ഉയരമേറിയതാണ്. നമ്മള്‍ ആ മാര്‍ഗത്തിലൂടെ കയറികൊണ്ടിരുന്നാല്‍ തന്നെ, ആഹാരാദികളിലും വിഷയവാസനയിലും തല്പരരായി സാമാന്യതലത്തില്‍ കഴിയുന്നവരെ അപേക്ഷിച്ചു ഉന്നതതലത്തിലെത്താന്‍ കഴിയുംനിരന്തരം കയറിക്കൊണ്ടിരുന്നതിന്റെ ഫലമായി 10,000 അടി ഉയരത്തിലെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചതുപോലെ.
(ഗായത്രീ പരിവാര്‍ സ്ഥാപകന്‍ ശ്രീരാംശര്‍മ ആചാര്യയുടെ ‘വിജനതയിലെ സഹചാരികള്‍’ എന്ന ഗ്രന്ഥത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: