മുംബൈ: കഴിഞ്ഞ ആഴ്ച ഡോളര്‍ ഒന്നിന് 83 രൂപ ഏഴ് പൈസ എന്ന നിരക്കിലേക്ക് കൂപ്പ് കുത്തിയ ഇന്ത്യന്‍ രൂപ ഈ ആഴ്ച ശക്തിപ്രാപിച്ചു. തിങ്കളാഴ്ച ഏഴ് പൈസ ഉയര്‍ന്ന് ഡോളറിന് 83 രൂപ എന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. വിദേശ നാണ്യ വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ശക്തിപ്പെട്ടപ്പോള്‍, യൂറോയും പൗണ്ടും ഉള്‍പ്പെടെയുള്ള ആറ് വിദേശകറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തിപ്പെടുകയായിരുന്നു. യുഎസ് നാണ്യപ്പെരുപ്പ ക്കണക്ക് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായാണ് ഈ കയറ്റമെന്ന് പറയപ്പെടുന്നു.
ഡോളര്‍ ഒരു പണപ്പെരുപ്പത്തെ നേരിടുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അതേ സമയം മധ്യേഷ്യയിലെ യുദ്ധസാഹചര്യം മൂലം അസംസ്കൃത എണ്ണയുടെ വില ഉയര്‍ന്നാല്‍ രൂപ തകര്‍ച്ചയെ നേരിടാന്‍ സാധ്യതയുണ്ടെന്നും റിസര്‍ച്ച് അനലിസ്റ്റ് അനുജ് ചൗധരി പറയുന്നു.
ദുര്‍ബലമായ ഇന്ത്യന്‍ വിപണിയിലെ ഓഹരികള്‍ വന്‍തോതില്‍ വിദേശ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത് വലിയ അനുഗ്രഹമായി. ഏകദേശം 141.95 കോടിയാണ് വിദേശസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങാന്‍ ചെലവഴിച്ചത്.
അതുപോലെ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം 62,200 കോടി ഡോളറായി ഉയര്‍ന്നു. ഏകദേശം 507 കോടി ഡോളറിന്റെ വര്‍ധനയാണ് കഴിഞ്ഞ ആഴ്ച ഉണ്ടായത്. ഇതെല്ലാം രൂപയെ ശക്തിപ്പെടുത്തുന്നതില്‍ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: