ഭോപാല്‍: മധ്യപ്രദേശിലും കോണ്‍ഗ്രസ് വിട്ട് മുന്‍നിരനേതാക്കള്‍ ബിജെപിയില്‍. മുന്‍ എംഎല്‍എ ദിനേശ് ആഹിര്‍വാര്‍, വിദിശ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് രാകേഷ് കടരെ എന്നിവരാണ് ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മയുടെ സാന്നിധ്യത്തില്‍ അംഗത്വം സ്വീകരിച്ചത്.
ഇവര്‍ക്കൊപ്പം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സര്‍ക്കാരിന്റെ ജനക്ഷേമപരിപാടികള്‍ക്ക് പിന്തുണയേറുന്നതിന്റെ അടയാളമാണ് പാര്‍ട്ടിയിലേക്കുള്ള ഒഴുക്കെന്ന് വി.ഡി. ശര്‍മ്മ പ്രതികരിച്ചു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് പാര്‍ട്ടി ഇലക്ഷന് മാനേജ്മെന്റ് കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി മോഹന്‍ യാദവ് ഭോപാലില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കുക എന്നതാണ് മുന്നിലുള്ള ലക്ഷ്യമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
മധ്യപ്രദേശില്‍ ബിജെപിയുടെ കരുത്ത് എല്ലാ തരത്തിലും വര്‍ധിക്കുകയാണ്. നാല് ദിവസം മുമ്പാണ് ജബല്‍പൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് ചെയര്മാന് ജഗത് ബഹദൂര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. തൊട്ടുപിന്നാലെ ദിണ്ഡോരി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രുദേഷ് പരാസ്തെയും ബിജെപി അംഗത്വം സ്വീകരിച്ചു. എല്ലാവരെയും അനുമോദിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ്മ പറഞ്ഞു. മോദിക്ക് മധ്യപ്രദേശിന്റെ ഹൃദയത്തിലാണ് ഇടം എന്ന് ഞങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തുതന്നെ പറഞ്ഞതാണ്.
ഇപ്പോള്‍ മോദി കോണ്‍ഗ്രസിലും പ്രിയപ്പെട്ടവനായിരിക്കുന്നു. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി കുടുംബത്തിലേക്ക് വരികയാണ്. അവര്‍ ചേരുന്നത് ഒരു പാര്‍ട്ടിയിലേക്കല്ല, കുടുംബത്തിലേക്കാണ്. നമുക്ക് ഒരുമിച്ച് സംസ്ഥാനത്ത് ജനക്ഷേമത്തിന്റെ സുവര്‍ണനാളുകള്‍ നിര്‍മ്മിക്കാം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: