ന്യൂദല്‍ഹി: ഉത്തരാഖണ്ഡില്‍ ബിജെപിയുടെ പുഷ്കര്‍ ധമി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടപ്പാക്കിയ ഏക സിവില്‍ കോഡ് (യുസിസി) മുസ്ലിം സ്ത്രീകള്‍ക്ക് തുല്ല്യാവകാശം നല്‍കുമെന്ന് കശ്മീരിലെ പത്രപ്രവര്‍ത്തക അമാന ബീഗം അന്‍സാരി. മുസ്ലിം സ്ത്രീകള്‍ രണ്ടാം കിട പൗരന്മാരാകുന്ന അവസ്ഥയും ഇല്ലാതാകുമെന്നും അമാന ബീഗം അന്‍സാരി വിശദീകരിക്കുന്നു. പ്രിന്‍റ് എന്ന ശേഖര്‍ ഗുപ്തയുടെ ഓണ്‍ലൈന്‍ പത്രത്തിലാണ് അമാന വീഗം അവരുടെ ആശയം വിശദമാക്കുന്നത്.
ഈ തീരുമാനം ഒരു സംസ്ഥാനത്തിലായി ഒതുങ്ങില്ലെന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ക്രമേണ നടപ്പാക്കുമെന്ന് കരുതുന്നു. അസദുദ്ദീന്‍ ഒവൈസി ഈ ബില്ലിനെ വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ട് അതില്‍ നിന്നും സ്വന്തം രാഷ്‌ട്രീയം വളര്‍ത്താനുള്ള അവസരമായി കാണുകയാണെന്നും അമാന ബീഗം അന്‍സാരി കുറ്റപ്പെടുത്തുന്നു.
ഏക സിവില്‍ കോഡ് വഴി ഹിന്ദു നിയമം മുസ്ലിങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുമെന്ന അസദുദ്ദീന്‍ ഒവൈസിയുടെ വാദം ബാലിശമാണ്. വാസ്തവത്തില്‍ ഒവൈസി പറയുന്ന ഹിന്ദു വ്യക്തിനിയമം ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയ കാര്യം ഒവൈസി മറച്ചുവെയ്‌ക്കുന്നു. ഇന്ന് ഹിന്ദു വ്യക്തിനിയമം തന്നെ വളരെ യുക്തിഭദ്രമായ നിയമമായി മാറിയിട്ടുണ്ട്. പക്ഷെ ഹിന്ദു വ്യക്തിനിയമം ഒരിയ്‌ക്കലും ഏക സിവില്‍ നിയമം ഒരിയ്‌ക്കലും മറ്റു മതങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കില്ല എന്നും അമാന ബീഗം പറയുന്നു.
“സ്ത്രീക്കും പുരുഷനും തുല്ല്യത വാഗ്ദാനം ചെയ്യുന്ന നിയമസംവിധാനമാണ് ഏക സിവില്‍ കോഡ് മുന്നോട്ട് വെയ്‌ക്കുന്ന വാഗ്ദാനം. ഇവിടെ ഇസ്ലാമിലെ സ്ത്രീയ്‌ക്ക് പുരുഷന് തുല്ല്യം അവകാശമാണ് ലഭിക്കുക. ലിംഗം, മതം, വംശം എന്നീ വിവേചനങ്ങളില്ലാതെ എല്ലാവര്‍ക്കും തുല്യമായ അവകാശവും ഏക സിവില്‍ കോഡ് വാഗ്ദാനം ചെയ്യുന്നു”. — അമാന ബീഗം വിശദീകരിച്ചു.
എന്നാല്‍ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് വിമര്‍ശിക്കുന്നത് ഈ ബില്‍ മുസ്ലിങ്ങളെ വേട്ടയാടാന്‍ വേണ്ടിയുള്ളതാണെന്നാണ്. ഇതില്‍ യാതൊരു കഴമ്പും ഇല്ല. വാസ്തവത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് മുസ്ലിങ്ങളുടെ മേല്‍ സമാന്തരമായി അധികാരം സ്ഥാപിക്കുന്ന ഒരു സംഘടനയാണ്. അവര്‍ സ്വന്തം നിയമമാണ് അടിച്ചേല‍്പിക്കുന്നത്. ശരിയത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ നിയമം നടപ്പിലാക്കുന്നതെന്ന് അവര്‍ അവകാശപ്പെടുമ്പോള്‍ പോലും അവിടെ സ്ത്രീ-പുരുഷ സമത്വം എന്ന ആശയം ഇല്ല. ഭാരതീയ മുസ്ലിം മഹിള ആന്തോളന്‍ നടത്തിയ സര്‍വ്വേയിലും ഏക സിവില്‍ കോഡ് നിയമം എങ്ങിനെയാണ് മുസ്ലിം സ്ത്രീകളെ സഹായിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അമാന ബീഗം അന്‍സാരി പറയുന്നു. ഈ സര്‍വേയില്‍ ഇന്ത്യയിലെ കരിയറിസ്റ്റുകളല്ലാത്ത, ആക്ടിവിസ്റ്റുകളല്ലാത്ത സാധാരണ മുസ്ലിം സ്ത്രീകള്‍ പ്രതികരിച്ചിട്ടുണ്ട്. അവര്‍ ബഹുഭാര്യാത്വത്തിനും ബഹുഭര്‍തൃത്വത്തിനും എതിരാണ്. – അമാന ബീഗം അന്‍സാരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: