ബയോളജി ഉള്‍പ്പെടെ ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടുകാര്‍ക്ക് അവസരം
വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് https://exams.nta.ac.in/NEET ല്‍
പരീക്ഷ മേയ് 5 ഞായറാഴ്ച ഉച്ചക്കുശേഷം 2-5.20 മണിവരെ; കേരളത്തിലും നിരവധി പരീക്ഷാകേന്ദ്രങ്ങള്‍
അപേക്ഷാ ഫീസ് ജനറല്‍/എന്‍ആര്‍ഐ-1700 രൂപ, ഇഡബ്ല്യുഎസ്/ഒബിസി-എന്‍സിഎല്‍ 1600 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുബിഡി/തേര്‍ഡ് ജന്‍ഡര്‍ 1000 രൂപ
പരീക്ഷാഫലം ജൂണ്‍ 14 ന്; പ്രവേശനം എംബിബിഎസ്/ബിഡിഎസ്/ബിഎഎംഎസ്/ബിഎസ്എംഎസ്/ബിയുഎംഎസ്/ബിഎച്ച്എംഎസ് കോഴ്സുകളില്‍
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേയ് 5 ഞായറാഴ്ച ഉച്ചക്കുശേഷം 2-5.20 മണിവരെ നടത്തുന്ന അണ്ടര്‍ ഗ്രാഡുവേറ്റ് മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ്ടെസ്റ്റിന് (നീറ്റ്-യുജി 2024) ഓണ്‍ലൈനായി മാര്‍ച്ച് 9 വൈകുന്നേരം 5 മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസ് ജനറല്‍/എന്‍ആര്‍ഐ കാറ്റഗറിയില്‍പ്പെടുന്നവര്‍ക്ക് 1700 രൂപ. ജനറല്‍-ഇഡബ്ല്യുഎസ്/ഒബിസി-എന്‍സിഎല്‍ 1600 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുബിഡി/തേര്‍ഡ് ജന്‍ഡര്‍ 1000 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/നെറ്റ്ബാങ്കിങ്/യുപിഐ ഉപയോഗിച്ച് മാര്‍ച്ച് 9 രാത്രി 11.50 മണിവരെ ഫീസ് ഒടുക്കാം. ‘നീറ്റ്-യുജി 2024’ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് https://exams.nta.ac.in/NEET ല്‍ ലഭിക്കും. അപേക്ഷാഫീസിനൊപ്പം പ്രോസസിങ് ചാര്‍ജ്, ജിഎസ്ടി എന്നിവകൂടി നല്‍കേണ്ടിവരും. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷിക്കേണ്ടത്.
ഇനിപറയുന്ന യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കില്‍ കുറയാതെ (എസ്സി/എസ്ടി/ഒബിസി-നോണ്‍ ക്രീമിലെയര്‍/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 40% മാര്‍ക്ക് മതി) വിജയിച്ചിരിക്കണം. പ്രായം 2024 ഡിസംബര്‍ 31 ന് 17 വയസ് തികയണം. ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ഭാരതീയര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും (എന്‍ആര്‍ഐ) വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാം.
പരീക്ഷാ ഘടനയും സിലബസും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. മലയാളം, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ 13 ഭാഷകളില്‍ ചോദ്യപേപ്പറുകള്‍ ലഭ്യമാണ്. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരീക്ഷാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, മലയാളം ഭാഷകളിലുള്ള ചോദ്യപേപ്പറുകള്‍ തെരഞ്ഞെടുക്കാം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൡലോരോന്നിലും സെക്ഷന്‍ എയില്‍ 35 ഉം സെക്ഷന്‍ ബിയില്‍ 15 ചോദ്യങ്ങളുമുണ്ടാവും.
സെക്ഷന്‍ ബിയില്‍ 15 ല്‍ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ മതി. മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. ആകെ 720 മാര്‍ക്കിനാണ് പരീക്ഷ. കേരളത്തില്‍ പത്തനംതിട്ട, പയ്യന്നൂര്‍, വയനാട്, ആലപ്പുഴ, ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
‘നീറ്റ്-യുജി’ ഫലം ജൂണ്‍ 14 ന് പ്രസിദ്ധപ്പെടുത്തും. റാങ്ക് നേടുന്നവര്‍ക്ക് രാജ്യത്തെ മെഡിക്കല്‍/ഡന്റല്‍/ആയുഷ് കോളേജുകളിലും എയിംസ്-ജിപ്മെര്‍ അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലും മറ്റും എംബിബിഎസ്/ബിഡിഎസ്/ബിഎഎംഎസ്/ബിഎസ്എംഎസ്/ബിയുഎംഎസ്/ബിഎച്ച്എംഎസ് മുതലായ കോഴ്സുകളില്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: