തിരുവനന്തപുരം: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനമന്ത്രി എ.കെ ശശീന്ദ്രനും വയനാട്ടിലെ എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനരോഷം ആളിക്കത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചത്.
നിയമസഭയില്‍ അടിയന്തര പ്രമേയമായി വിഷയം പ്രതിപക്ഷമിന്ന് കൊണ്ടുവന്നിരുന്നു. കല്‍പ്പറ്റ എംഎംല്‍എ ടി സിദ്ദിഖാണ് വിഷയം അവതരിപ്പിച്ചത്. ആനയെ നിരീക്ഷിച്ച് സുരക്ഷ ഒരുക്കുന്നതില്‍ വനംവകുപ്പ് പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും എന്നാല്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമാണ് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മറുപടി പറഞ്ഞത്.
നിയമങ്ങള്‍ക്ക് അനുസരിച്ചാണ് വനംവകുപ്പ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിയുടെ ഭരണഘടനാ ചുമതല വന്യജീവി, വനം സംരക്ഷണമാണ്. ഒപ്പം ജനങ്ങളുടെ സ്വത്തിനും സുരക്ഷ ഒരുക്കണം. ഈ രണ്ടിനും ഇടയിലാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. സാങ്കേതികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി. മൂന്ന് മണിക്കൂര്‍ ഇടവേളയിലാണ് റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചത്. ഇതൊരു വീഴ്ചയാണ്. മറ്റൊരു സംസ്ഥാനത്തെ കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇന്റര്‍സ്റ്റേറ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം ആളെക്കൊല്ലി ആനയെ പിടികൂടാൻ ഉള്ള ശ്രമം പുരോഗമിക്കുകയാണ്. സാഹചര്യം അനുകൂലമായാല്‍ ബേലൂര്‍ മഖ്ന എന്ന ആനയെ മയക്കുവെടി വയ്‌ക്കാനാണ് തീരുമാനം. 150 വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ ബേലൂര്‍ മഖ്ന നടക്കുന്നത്. വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവും ആറ് ഡിഎഫ്ഒമാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും സംഘത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: