പാലക്കാട്: കേരളത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ ഒന്നരലക്ഷം കോടിയായിരുന്നു കടമെങ്കില്‍ ഇന്നത് നാലുലക്ഷം കോടി കവിഞ്ഞിരിക്കുന്നു. ദൈനംദിന കാര്യങ്ങള്‍ക്കുള്ള ചെലവിനുപോലും പണമില്ലാത്ത അവസ്ഥയാണ്. കേന്ദ്രത്തെ പഴിച്ച് സ്വന്തം തെറ്റ് മറച്ചുവെക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജിഎസ്ടി വരുമാനം 22 ശതമാനമായി വര്‍ധിച്ചു. ഇതരസംസ്ഥാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ കേരളം മൗനമായിരുന്നു. 14,000 കോടിയുടെ പ്രത്യക്ഷനികുതിയും 28,258 കോടിയുടെ പരോക്ഷ നികുതിയും പിരിച്ചെടുക്കാനുള്ളപ്പോഴാണ് വകുപ്പിലെ അഴിമതി കണ്ടെത്തേണ്ട ഇന്റലിജന്‍സ് മേധാവിക്കെതിരെ സ്പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ നടപടി സ്വീകരിച്ചത്. വിവിധതരത്തിലുള്ള നികുതി ഭാരത്താല്‍ സാധാരണക്കാരന്റെ നടുവൊടിഞ്ഞിരിക്കുകയാണ്. സാമൂഹ്യ അരക്ഷിതാവസ്ഥയുടെ മൂലകാരണമാണ് കേരളത്തിലെ സാമ്പത്തിക തകര്‍ച്ചക്ക് കാരണം.
ധൂര്‍ത്തും അഴിമതിയും സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണ്. മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിദേശയാത്രകള്‍ തനി തട്ടിപ്പാണ്. വികസനം കൊണ്ടുവരാനായിരുന്നു ഓരോ യാത്രയും എന്നുപറയുന്നു. എന്നാല്‍, ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിദേശനിക്ഷേപം കേരളത്തിലാണെന്ന് ബിഎംഎസ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിക്കും വേണ്ടപ്പെട്ടവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ കൊള്ളസംഘങ്ങളായി മാറി. പരമ്പരാഗതവും തനത് വ്യവസായവും വളര്‍ത്തിയെടുക്കണമെന്നും സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.
മിനിമം വേതനത്തിന് പകരമായി ലിവിങ് വേജസ് നടപ്പാക്കണമെന്ന് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. 2047ഓടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഭാരതം മാറുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഓരോ ഭാരതീയനും അഭിമാനം നല്കുന്ന ഘടകമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ ജീവിത സാഹചര്യവും അതിനൊപ്പം ഉയരേണ്ടതുണ്ട്.
സ്വകാര്യ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, കരാര്‍ തൊഴില്‍സമ്പ്രദായം അവസാനിപ്പിക്കുക, ഇഎസ്ഐ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, സിവില്‍ സര്‍വീസ് മേഖലയെ സംരക്ഷിക്കുന്നതോടൊപ്പം ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക, അസംഘടിത മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരവും തൊഴിലാളികളുടെ ക്ഷേമവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുക, എല്ലാ ക്ഷേമ പെന്‍ഷനുകളും മിനിമം 5000 രൂപയാക്കുക, എല്ലാ തൊഴിലാളികളെയും പിഎഫ് പരിധിയില്‍ കൊണ്ടുവരിക, ഇപിഎഫ് പെന്ഷന് കണക്കാക്കുന്നതിന് 60 മാസത്തെ ശരാശരി എന്നതിനുപകരം 12 മാസത്തെ ശരാശരി ശമ്പളമെന്ന് നിശ്ചിക്കുക, സ്ത്രീപുരുഷ വിവേചനമില്ലാതെ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിത്വം ഉറപ്പാക്കി സ്വതന്ത്രമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഒരുക്കുക, കേന്ദ്ര-സംസ്ഥാന പൊതുമേഖലയെ സംരക്ഷിക്കാന്‍ സത്വരനടപടി സ്വീകിക്കുക, എല്‍ഐസി, ബിപിസിഎല്‍ അടക്കമുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറുക എന്നീ ആവശ്യങ്ങളും ബിഎംഎസ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: