മാനന്തവാടി: വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഖ്നയെ കാലത്ത് കണ്ടെത്തിയത് കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നാണ്. അതോടെ ആനയെ പിടികൂടാന്‍ പ്ലാന്‍ ബിയും ആലോചിക്കേണ്ടിവന്നു. ചാലിഗദ്ദ പ്രദേശത്ത് നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ മാറി മണ്ണുണ്ടി കോളനി പരിസരത്തായിരുന്നു അപ്പോള്‍ ആന. അതോടെ ആനയെ മയക്കുവെടി വെക്കുന്നത് സംബന്ധിച്ച തലേന്നത്തെ തീരുമാനം പുനപ്പരിശോധിക്കേണ്ട സ്ഥിതിയായി.
മയക്കുവെടിയിലും പ്രശ്നം
വെടിവയ്ക്കാനുള്ള ഉത്തരവില്‍ പറയുന്നത്, ആനയെ കാട്ടിലേക്ക് ഓടിക്കുക എന്നതിന് പ്രാധാന്യം കൊടുക്കാനാണ്. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയാലേ വെടിവെക്കാനാകൂ. അതല്ലെങ്കില്‍ ഒട്ടേറെ നിയമപ്രശ്നങ്ങള്‍ ഉണ്ടാകും. കൂടാതെ കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് മൂന്നര, നാല് കിലോമീറ്റര്‍ മാത്രം അകലത്താണ് ആന. ബാവ്ലി എന്ന ഗ്രാമമാണ് അടുത്ത്. ആനപ്പാറയെന്നാണ് ആ പ്രദേശം അറിയപ്പെടുന്നത്. മയക്കുവെടി ഏറ്റാല്‍ ആന എങ്ങോട്ട് പോകുമെന്ന കാര്യത്തിലുമുണ്ടായി ശങ്ക.
കാടുകയറ്റിയാല്‍ പരിഹാരമാകില്ല
ആന സ്വയം കാടുകയറി പോകാനുള്ള സാധ്യതയാണ് അതോടെ വനംവകുപ്പ് പരിശോധിച്ചത്. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ആന കര്‍ണാടക ഉള്‍വനത്തിലേക്ക് നീങ്ങിയേക്കുമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു അധികൃതര്‍.
പക്ഷേ, അത് ഈ അപകടകാരിയായ ആനയുടെ കാര്യത്തില്‍ ശാശ്വത പരിഹാരമല്ല. കാരണം, ബേലൂര്‍ മഖ്ന ഈ വര്‍ഷം ജനുവരി 5 ന് കേരളത്തില്‍ വന്ന് മടങ്ങി കര്‍ണാടകത്തിലേക്ക് പോയതാണ്. വീണ്ടും വരികയായിരുന്നു. അതായത്, സഞ്ചാരിയാണ്. കര്‍ണാടകത്തിലെ ബാവലി വനം മേഖലയിലേക്കാണ് പോയത്. പക്ഷേ അവിടെ ഇപ്പോള്‍ നല്ല വേനലാണ്. വെള്ളമില്ല, മുളയില്ല, തിന്നാന്‍ പുല്ലുപോലുമില്ല. അതിര്‍ത്തികടന്ന് കേരളത്തിലെത്തിയാല്‍ കബനീനദിയുടെ സാന്നിദ്ധ്യംകൊണ്ട് വെള്ളവും മുളയും അടക്കം ഭക്ഷണം കിട്ടും. അതിനാല്‍ കാടുകടന്നാലും മടങ്ങി വരുമെന്നാണ് ആശങ്ക.
മോഴചരിത്രം ഇങ്ങനെ
കോളനി പരിസരത്ത് ആന എത്തിയതോടെ പ്രദേശത്തെ ജനങ്ങളും ആശങ്കയിലാണ്. കഴിഞ്ഞ നവംബറില്‍ കര്‍ണാടക ഹാസനിലെ ബേലൂരില്‍ പിടികൂടിയതാണ് ഈ ആനയെ. അക്രമകാരിയായ മോഴയാനയ്ക്ക് നാട്ടുകാരാണ് മഖ്ന എന്ന് പേരിട്ടത്. കുഴപ്പക്കാരി മോഴ എന്നാണ് കന്നഡയില്‍ അര്‍ത്ഥം. 2020 മുതല്‍ ബേലൂരിലെ കാപ്പിത്തോട്ടങ്ങളിലായിരുന്നു താവളം. ജനവാസകേന്ദ്രങ്ങളില്‍ അടിക്കടി ഇറങ്ങി പ്രശ്നങ്ങളുണ്ടാക്കിയതോടെയാണ് വനംവകുപ്പ് പിടിച്ചത്. റേഡിയോ കോളര്‍ ഘടിപ്പിച്ച് കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ മൂലഹള്ളയില്‍ വിടുകയായിരുന്നു.
കുങ്കികള്‍ തയാര്‍
ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്ന് ചേലൂര്‍ ഭാഗത്തേക്ക് മാറ്റി, അവിടെ നാല് കുങ്കിയാനകളെയും വിന്യസിച്ചു. മയക്കുവെടിയെന്ന സാദ്ധ്യത പരിഗണിച്ചായിരുന്നു ഈ നീക്കം. വനംവകുപ്പിന്റെ ദൗത്യ സംഘത്തില്‍ അഞ്ച് ഡിഎഫ്ഒ മാരും രണ്ട് സിസിഎഫുമാരും ഡോക്ടര്‍മാരും വെടിവെപ്പ് വിദഗ്ദ്ധരുമാണ് സേനയെക്കൂടാതെ ഉള്ളത്. ആന കാടിറങ്ങിയാല്‍ മയക്കുവെടി, പിടികൂടി മുത്തങ്ങ വനത്തിലേക്ക് മാറ്റല്‍, അതാണ് പദ്ധതിയിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: