ശ്രീകണ്ഠപുരം: കശുവണ്ടി സീസണ്‍ ആരംഭിച്ചിട്ടും ന്യായവില ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാത്തതില്‍ കര്‍ഷകര്‍ക്ക് ആശങ്കയേറി. രാജ്യത്തെ തന്നെ ഗുണമേന്മയുള്ള കശുവണ്ടിയാണ് സംസ്ഥാനത്തെ കിഴക്കന്‍ മലയോരത്ത് ഉല്പാദിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഈ വര്‍ഷം ഉല്പാദനം വളരെ കുറയാനാണ് സാധ്യത. വിലയിടിവും, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉല്പാദന നഷ്ടവും എന്നും കര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്.
തേയിലക്കൊതുകുകളുടെ വ്യാപക ആക്രമണം മൂലം പൂവ് കരിച്ചില്‍ കൂടി സംഭവിക്കുന്നു. ഇതിനെതിരെ ജൈവിക പ്രതിരോധം സാധ്യമാകുന്നുമില്ല. കര്‍ഷകരെ സഹായിക്കുന്ന കാര്യത്തില്‍ സംസ്ഥാന കൃഷിവകുപ്പ് നോക്കുകുത്തിയായി. വെയിലില്‍ ഉണക്കിയ കശുവണ്ടി മാത്രമേ സ്വീകരിക്കൂവെന്ന ചില വ്യവസായികളുടെ നിലപാടില്‍ ദുരൂഹതയുമുണ്ട്.
വന്യമൃഗശല്യവും റബ്ബര്‍, നാളികേരം ഉള്‍പ്പെടെയുള്ള വിളകളുടെ വിലത്തകര്‍ച്ചയും മൂലം പിടിച്ചുനില്‍ക്കാനാവാതെ ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകരുടെ ദയനീയ കാഴ്ചയാണ് സംസ്ഥാനത്ത് കാണുന്നത്. കശുവണ്ടി സീസണിലെ പ്രതീക്ഷ കൂടി നഷ്ടപ്പെട്ടാല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാകും. സര്‍ക്കാരിന്റ നേരിട്ടുള്ള ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കിലോഗ്രാമിന് ചുരുങ്ങിയത് 250 രൂപയെങ്കിലും നിശ്ചയിച്ച് കര്‍ഷകരില്‍ നിന്നും കശുവണ്ടി നേരിട്ട് സംഭരിക്കാനുള്ള അടിയന്തിരക്രമീകരണം സംസ്ഥാന സര്‍ക്കാര്‍ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: