തിരുവനന്തപുരം: പഴവങ്ങാടിയിലൂടെ നടക്കണമെങ്കില്‍ കാല്‍നടയാത്രികര്‍ക്ക് നല്ല മെയ്വഴക്കം വേണം. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന ഇവിടെ ഫുട്പാത്ത് കൈയേറി വഴിയോര വാണിഭം പൊടിപൊടിക്കുന്നതാണ് കാരണം. വര്‍ഷങ്ങളായി തുടരുന്ന വഴിയോര വാണിഭം അവസാനിപ്പിക്കാന്‍ നഗരസഭയോ ഫോര്‍ട്ട് പോലീസോ ശ്രമിക്കാത്തതിനാല്‍ യാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടുകയാണ്.
പടിഞ്ഞാറേക്കോട്ട മുതല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരവും പഴവങ്ങാടിയും ഉള്‍പ്പെടെ 200 ഓളം അനധികൃത വഴിയോര വാണിഭ സ്ഥാപനങ്ങളുണ്ട്. ഇതില്‍ സ്റ്റേഷണറി കടകളും വാച്ച് അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും ചെരുപ്പ് നന്നാക്കുന്നവരുടെ തട്ടുകളും ഉള്‍പ്പെടുന്നു. ഫുട്പാത്തിലേക്ക് കച്ചവടം ഇറക്കിവച്ചിരിക്കുന്നതാണ് വഴിയാത്രികരെ ബുദ്ധിമുട്ടിലാക്കുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ ഭക്തര്‍ക്കുപോലും നടക്കാനാകാത്ത സ്ഥതിയാണ്.
വാസുദേവ വിലാസം ഫാര്മസിയിലേക്കു പോകുന്ന റോഡുവശത്തും കച്ചവടം പൊടിപൊടിക്കുന്നു. പരാതി വ്യാപകമാകുമ്പോള്‍ നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി കച്ചവടം തല്‍ക്കാലത്തേക്ക് ഒഴിപ്പിക്കും. അധികൃതര്‍ മടങ്ങുന്നതിനു പിന്നാലെ കച്ചവടക്കാര്‍ സ്ഥലം വീണ്ടും കൈയടക്കും. പുലര്‍ച്ചെ മുതല്‍ തിരക്കേറുന്ന ഈ ഭാഗത്ത് വയോധികര്‍ ജീവന് പണയംവച്ചാണ് സഞ്ചരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി ചീറിപ്പായുന്നത്. ഇവ തട്ടി അപകടത്തില്പ്പെടാതിരിക്കണമെങ്കില് ഏറെ ശ്രദ്ധ പുലര്‍ത്തണം.
നടക്കുന്നതിനൊപ്പം പിറകിലേക്ക് ഇടയ്ക്കിടെ നോക്കിയില്ലെങ്കില്‍ വാഹനം തട്ടിയതു തന്നെ. ഫുട്പാത്ത് ഇല്ലാത്തതിനാല്‍ റോഡിലേക്ക് ഇറങ്ങി നടക്കുകയല്ലാതെ ഇവര്‍ക്കു വേറെ മാര്‍ഗവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: