Categories: Kerala

തൊഴിലാളി സംഘടനകളുടെ ആലോചനായോഗം അനിവാര്യമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍

Published by

പാലക്കാട്: കക്ഷിരാഷ്‌ട്രീയത്തിനതീതമായി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ബിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ട്രേഡ് യൂണിയന്‍ സമ്മേളനത്തില്‍ ആഹ്വാനം. പത്തു വര്‍ഷത്തിന് ശേഷമാണ് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഒരുവേദിയില്‍ ഒത്തുചേര്‍ന്നതും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ ഒരുമിച്ച് മുന്നേറണമെന്ന ആഹ്വാനവുമുണ്ടായത്. ‘സംതൃപ്ത തൊഴിലാളി സമൃദ്ധ കേരളം’ എന്ന ബിഎംഎസിന്റെ മുദ്രാവാക്യത്തെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിനന്ദിച്ചു.

സ്വകാര്യവത്കരണം, കരാര്‍വത്കരണം, പൊതുമേഖലാസ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍ എന്നിവ തൊഴിലാളികളുടെ മുന്നിലുള്ള വെല്ലുവിളികളാണ്. ഇവയെ നേരിടാന്‍ തൊഴിലാളി സംഘടനകള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അതുപോലെതന്നെ നിര്‍മിത ബുദ്ധി എന്ന സാങ്കേതിക വിദ്യയും തൊഴിലാളികളുടെ തൊഴിലിന് ഭീഷണി സൃഷ്ടിക്കുന്നു. അതേസമയം, കാലഘട്ടത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളുകയും വേണം.

തൊഴിലാളികളുടെ ആവശ്യമുന്നയിച്ച് ബിഎംഎസ് കേന്ദ്രസര്‍ക്കാരിന് നല്കിയ നിവേദനം വായിച്ചുകൊണ്ടായിരുന്നു സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. ഈ ആവശ്യങ്ങളില്‍ ഒന്നിനുപോലും തങ്ങള്‍ എതിരല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത തൊഴിലാളി സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. രാഷ്‌ട്രീയം നോക്കാതെയുള്ള ബിഎംഎസിന്റെ നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും നേതാക്കള്‍ പ്രകീര്‍ത്തിച്ചു. തൊഴിലാളികളുടെ കാര്യങ്ങളില്‍ തങ്ങള്‍ക്കും അതേനിലപാടാണെന്ന് അവര്‍ ആവര്‍ത്തിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം തൊഴിലാളി സംഘടനകളുടെ ഒരു ആലോചനായോഗം ചേരണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെച്ചു. ഐഎന്‍ടിയുസി സംസ്ഥാന പ്രസി: ആര്‍. ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി ആര്‍. പ്രസാദ്, എസ്ടിയു സംസ്ഥാന പ്രസി: അഡ്വ. എം. റഹ്മത്തുള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ബിഎംഎസ് ദേശീയ സമിതി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. 10 വര്‍ഷം മുമ്പ് 12 ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്തസമരസമിതി നേതാക്കള്‍ കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്‌ലിയുമായി ചര്‍ച്ച നടത്തി. പത്ത് ആവശ്യങ്ങള്‍ അംഗീകരിച്ചു. രണ്ടെണ്ണം അംഗീകരിച്ചില്ല.

അതിന്റെ പേരില്‍ രാഷ്രീയലക്ഷ്യത്തോടെ പണിമുടക്കുമായി തൊഴിലാളി സംഘടനകള്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോഴാണ് ബിഎംഎസിന് വിട്ടുനില്‍ക്കേണ്ടി വന്നതെന്ന് സംസ്ഥാന പ്രസി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. നിലപാടുകള്‍ക്ക് അനുസൃതമായും രാഷ്‌ട്രീയത്തിന് അതീതമായും നിലകൊള്ളുന്ന സംഘടനയാണ് ബിഎംഎസ് എന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ജന. സെക്രട്ടറി ജി.കെ. അജിത്, ഡെപ്യൂട്ടി ജന. സെക്രട്ടറി ശിവജി സുദര്‍ശന്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക