ന്യൂദൽഹി: പ്രശസ്ത ചിത്രകാരൻ എ.രാമചന്ദ്രൻ (89) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചതെന്ന് മകൻ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. 2005 ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2001 ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ 1935 ലാണ് ജനനം. 1957 ൽ കേരള സർവ്വകലാശാലയിൽ മലയാളത്തിൽ ബിരുദമെടുത്തു. 1961 ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽ നിന്ന് ഫൈൻ ആർട്സിൽ ഡിപ്ലോമയെടുത്തു. തുടർന്ന് കേരളത്തിലെ ചുമർചിത്രകലയെക്കുറിച്ച് പഠനം നടത്തി. 1965 ൽ ഡൽഹിയിലെ ജാമിഇ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ചേർന്നു. സർവ്വകലാശാലയിൽ ചിത്രകലാ വിഭാഗം മേധാവിയായും പ്രവർത്തിച്ചു. യയാതി, ഉർവശി, ന്യൂക്ലിയർ രാഗിണി തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ ചിലത്.
2003ൽ പെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകത്തിനായുള്ള വലിയ കരിങ്കൽ ശില്പാഖ്യാനം അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ഭാരതീയ മിത്തുകളുടെ സ്വാധീനം നിറഞ്ഞു നിൽക്കുന്ന സൃഷ്ടികളാണ് രാമചന്ദ്രൻ്റേത്. എണ്ണച്ഛായവും ജലച്ഛായവും ആയിരുന്നു കൂടുതൽ ഇഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: