തിരുവനന്തപുരം: പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ടത്തെ പൂര്‍ണമായും പിടികൂടാനാകുന്ന ബയോമെട്രിക് പരിശോധനാ സംവിധാനം പൂര്‍ണമായി വിജയിപ്പിക്കാന്‍ വേണ്ട ഉപകരണങ്ങള്‍ കുറവ്. നിലവിലെ സൗകര്യങ്ങളില്‍ അരമണിക്കൂറിനുള്ളില്‍ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും പരിശോധിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞദിവസം നടത്തിയ കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് ആദ്യമായി ഒഎംആര്‍ പരീക്ഷയ്ക്ക് ബയോമെട്രിക് പരിശോധന നടപ്പിലാക്കിയത്. അതിലാണ് തിരുവനന്തപുരത്ത് ആള്‍മാറാട്ടം കണ്ടെത്തിയത്.
ഇതിനുമുമ്പ് സര്‍ക്കാര്‍ സര്‍വ്വീസിലെ സ്ഥാനക്കയറ്റ പരീക്ഷയിലാണ് ആദ്യമായി ബയോമെട്രിക് നടപ്പിലാക്കിയത്. ഇതില്‍ വിജയം കണ്ടതോടെയാണ് ഒഎംആര്‍ പരീക്ഷയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തിയത്. പക്ഷെ ഇത് പൂര്‍ണതോതില്‍ വിജയിക്കണമെങ്കില്‍ ഇനിയും സൗകര്യങ്ങള്‍ പിഎസ്സി ഒരുക്കേണ്ടതായിട്ടുണ്ട്.
പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പ് മാത്രമാണ് ഉദ്യോഗാര്‍ത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്‍വിജിലേറ്റര്‍മാരാണ് ആദ്യം പരിശോധന നടത്തുന്നത്. ഇതിനു ശേഷമാണ് പരീക്ഷാ റൂമില്‍ ബയോമെട്രിക് പരിശോധന നടത്തേണ്ടത്. ഇതിന് വേണ്ടത്ര സമയം തികഞ്ഞെന്ന് വരില്ല.
അതിനാല്‍ ഹാളിലേക്ക് കയറുമ്പോള്‍ തന്നെ ബയോമെട്രിക് പരിശോധന നടത്താനുള്ള സംവിധാനംഉണ്ടാകണമെന്ന് ജീവനക്കാര്‍ പറയുന്നു. വിരലടയാളം പരിശോധിക്കുന്ന മെഷീന് ഇപ്പോള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് പലപ്പോഴും പരിശോധനയുടെ വേഗം കുറയ്ക്കുന്നു.
മാത്രമല്ല ജീവനക്കാരുടെ കൈവശം ഉള്ളത് പഴയ മൊബൈല്‍ ഫോണുകളാണെങ്കില്‍ കണക്ട് ചെയ്യുമ്പോള്‍ തിരിച്ചറിയലിന് കൂടുതല്‍ സമയം എടുക്കുന്നുണ്ട്. അതിനാല്‍ ടാബോ ലാപ് ടോപ്പുകളോ സജ്ജീകരിക്കണം.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പിഎസ്സി ജീവനക്കാര്‍ വേണമെന്നാണ് നിര്‍ദ്ദേശം. പരീക്ഷാ സെന്ററുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിന്യസിക്കാനുള്ള പിഎസ്സി ജീവനക്കാരും കുറവാണ്. അതിനാല്‍ ജീവനക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം കാണാതെ ബയോമെട്രിക് സംവിധാനം പൂര്‍ണ വിജയത്തിലെത്തിക്കാനാകില്ലെന്ന് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: