കിങ്സ്റ്റണ്‍: വേഗക്കുതിപ്പിലൂടെ ട്രാക്കില്‍ ഇതിഹാസം രചിച്ച ജമൈക്കന്‍ വനിതാതാരം ഷെല്ലി-ആന്‍ ഫ്രെയ്സെര്-പ്രൈസ് പാരിസ് ഒളിംപിക്സോടെ വിരമിക്കുമെന്ന് അറിയിച്ചു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് 37കാരിയായ സ്പ്രിന്റര്‍ കരിയറിനോട് വിട പറയാന്‍ തീരുമാനിച്ചത്. ലോകത്തെ എക്കാലത്തെയും മികച്ച സ്പ്രിന്റര്‍മാരില്‍ ഒരാളായാണ് ഫ്രെയ്സെറെ കണക്കാക്കുന്നത്.
2008, 2012 ഒളിംപിക്സുകളില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ താരം ലോക അത്ലറ്റിക്സില് പത്ത് തവണ ജേതാവായിട്ടുണ്ട്. 2017ല്‍ മകന് ജന്മം നല്കിയ ശേഷം കരിയറിലേക്ക് തിരികെയെത്തിയ ശേഷം താരം ഒളിംപിക്സ് സ്വര്‍ണം നേടി. 2020ലെ ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണം നേടിയ വനിതകളുടെ 4-100 മീറ്റര്‍ റിലേ ടീമില്‍ ഫ്രെയ്സറും ഉണ്ടായിരുന്നു. ഒളിംപിക്സില്‍ താരത്തിന്റെ പേരില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമാണുള്ളത്.
‘പരിശീലനം ഒഴിവാക്കിയുള്ള ഒരു ദിവസത്തെ കുറിച്ച് പോലും എനിക്ക് ചിന്തിക്കാനാവില്ല. പക്ഷെ ഇപ്പോള്‍ എന്റെ മകന് എന്നെ വേണം. 2008ലെ എന്റെ ആദ്യ ഒളിംപിക്സിന് മുമ്പ് തന്നെ ഭര്‍ത്താവുമായി പങ്കാളിത്ത ജീവിതം ആരംഭിച്ചിരുന്നു. ഇക്കാലത്തിനിടെ അദ്ദേഹം ഒരുപാട് പരിത്യാഗം ചെയ്തു. ഇനിയെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തണം, ഇതെന്റെ സ്വന്തം തീരുമാനമാണ്- മാധ്യമങ്ങളോടായി ഫ്രെയ്സര്‍ പറഞ്ഞു.
വരുന്ന ജൂലൈ, ആഗസ്ത് മാസങ്ങളിലായി നടക്കുന്ന പാരിസ് ഒളിംപിക്സിലെ പ്രധാന താരമാണ് ഫ്രെയ്സര്‍. ജമൈക്കന്‍ താരറാണിമാരുടെ ആധിപത്യം കണ്ട ടോക്കിയോ ഒളിംപിക്സ് നൂറ് മീറ്ററില്‍ സ്വര്ണനേട്ടക്കാരി എലെയ്ന തോംപ്സണിന് പിന്നില്‍ ഫ്രെയ്സര്‍ വെള്ളി സ്വന്തമാക്കിയിരുന്നു. ജമൈക്കയുടെ തന്നെ ഷെറീക്ക ജാക്സണ് ആയിരുന്നു വെങ്കലം നേടിയത്. ഏറ്റവും ഒടുവില്‍ ഫ്രെയ്സര്‍ മത്സരിച്ച പ്രധാന ടൂര്‍ണമെന്റ് ബുഡാപെസ്റ്റ് ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആണ്. കഴിഞ്ഞ ആഗസ്തില്‍ സ്വര്‍ണം നേടിയ അമേരിക്കയുടെ ഷക്കാരി റിച്ചാര്‍ഡ്സണിനൊപ്പം മത്സരിച്ച് ഫ്രെയ്സര്‍ വെങ്കലം നേടിയിരുന്നു. സ്വന്തം നാട്ടുകാരി ഷെറീക്ക ജാക്സണിനായിരുന്നു അന്ന് വെള്ളി കിട്ടിയത്.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ പത്ത് തവണ ജേതാവായിട്ടുള്ള ഫ്രെയ്സെര് പ്രൈസ് 2019ല്‍ ദോഹയില്‍ കൈവരിച്ച നേട്ടത്തോടെ സ്വന്തം പേരില്‍ ഒറു ലോക റിക്കാര്‍ഡും കുറിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ വനിത എന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് 2022ല്‍ യൂജീന്‍ അത്ലറ്റിക്സ് മീറ്റിലൂടെ 35-ാം വയസില്‍ സ്വന്തം പേരിലുള്ള ഈ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചു. ഒപ്പം ചാമ്പ്യന്‍ഷിപ്പ് റിക്കാര്‍ഡും കൈവരിച്ചു. 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചാമ്പ്യന്‍ഷിപ്പ് റിക്കാര്‍ഡ് നേട്ടത്തോടെയാണ് താരം സ്വര്‍ണം നേടിയത്. താരത്തിന്റെ കരിയറില്‍ ഇതുവരെയുള്ള അവസാന സ്വര്‍ണനേട്ടം അതാണ്.
ഫ്രെയ്സറുടെ പ്രധാന മെഡല്‍ നേട്ടങ്ങള്‍
ഒളിംപിക്സ്
സ്വര്‍ണം മൂന്ന്: 100 മീറ്റര്‍(2008, 2012), 4-100 മീറ്റര്‍ റിലേ(2020)
വെള്ളി നാല്: 100 മീറ്റര്‍(2020), 200മീറ്റര്‍(2012), 4-100 മീറ്റര്‍
റിലേ(2012, 2016)
വെങ്കലം ഒന്ന്: നൂറ് മീറ്റര്‍(2016)
ലോക ചാമ്പ്യന്‍ഷിപ്പ്
സ്വര്‍ണം പത്ത്: 100 മീറ്റര്‍(2009, 2013, 2015, 2022),
200 മീറ്റര്‍(2013), 4-100 മീറ്റര്‍ റിലേ(2009, 2013, 2015, 2019)
വെള്ളി അഞ്ച്: 200 മീറ്റര്‍(2022), 4-100മീറ്റര്‍ റിലേ
(2007, 2011, 2022, 2023)
വെങ്കലം: 100 മീറ്റര്‍(2023)
പ്രതികരിക്കാൻ ഇവിടെ എഴുതുക: