ചെങ്ങന്നൂര്‍: കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രതികൂലാവസ്ഥയെ നേരിട്ടുകൊണ്ടാണെന്നും വൈകാതെ സംസ്ഥാനം ദേശീയതയ്ക്കൊപ്പം പൂര്‍ണമായി എത്തിച്ചേരുമെന്നും മുന്‍ കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ധന് എംപി. ചെങ്ങന്നൂരില്‍ എന്‍ഡിഎ ചെയര്മാന് കെ. സുരേന്ദ്രന് നയിക്കുന്ന കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രപദ്ധതികളുടെ ഗുണഫലങ്ങള്‍ എല്ലാ ജനങ്ങളിലേക്കും കൃത്യമായി എത്തിക്കുന്നതില്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പരാജയമാണ്. മോദി നടപ്പാക്കിയ പദ്ധതിയുടെ നേട്ടം കേരള ജനതയില്‍ എത്താത്തത് സങ്കടകരമാണ്. ഇത്തരത്തില്‍ മോദിവിരുദ്ധത തലയ്ക്ക് പിടിച്ച ഇടതുവലതുപാര്‍ട്ടികള്‍ ആത്യന്തികമായി ജനങ്ങളെയാണ് ദ്രോഹിക്കുന്നത്. മണ്ഡലത്തിലെ എംപിയെ പറ്റി താന്‍ സാധാരണക്കാരോട് അന്വേഷിച്ചപ്പോള്‍ എല്ലാവരും വളരെ മോശമായാണ് പ്രതികരിച്ചത്. ഇതിലൂടെ തന്നെ കേന്ദ്രപദ്ധതികള്‍ സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുകളും കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളെ പൊറുതിമുട്ടിക്കുകയാണ്. ആരോഗ്യപരമായ മത്സരമാണ് ഇക്കാര്യത്തില്‍ ഇടതും വലതും ഇവിടെ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍ഡിഎ ലോക്സഭ മണ്ഡലം ചെയര്മാന് ഷാജി രാഘവന് അധ്യക്ഷനായി. മണ്ഡലം കണ്‍വീനര്‍ എം.വി. ഗോപകുമാര്‍, ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, അഡ്വ. പി. സുധീര്‍, രാജിപ്രസാദ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി, നാഷണല്‍ കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യുസ്, എസ്ജെഡി ജനറല്‍ സെക്രട്ടറി ബി.ടി. രമ, എല്‍ജെപി നേതാവ് വിജയകുമാര്‍ മാവേലിക്കര, ജെആര്‍പി നേതാവ് സെല്‍ജു ആറുപറ, കാമരാജ് കോണ്‍ഗ്രസ് സെക്രട്ടറി അനില്‍കുമാര്‍, ശിവസേന ജില്ലാ സെക്രട്ടറി ഷിബു മുതുവിലാക്കടി, എല്‍ജെപി നേതാവ് കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: