അബുദാബി: അബുദാബിയില്‍ ബാപ് സ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്ന മോദി അവിടുത്തെ ഇന്ത്യക്കാരുമായി സംവദിക്കുന്ന ഫെബ്രുവരി 13ലെ ‘അഹ്ലന് മോദി’ എന്ന പ്രത്യേക സംവാദ പരിപാടിയ്ക്ക് രജിസ്ട്രേഷന് ക്ലോസായി. ഇനി പുതിയ രജിസ്ട്രേഷന് സ്വീകരിക്കില്ലെന്ന് അഹ്ലന് മോദി സംഘാടകര്‍ പറഞ്ഞു. അബുദാബിയിലെ സായെദ് സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് വൈകുന്നേരം പരിപാടി നടക്കുക. അഹ്ലന് എന്ന അറബിവാക്കിന് അര്‍ത്ഥം സ്വാഗതം എന്നാണ്.
60,000 സീറ്റുകളിലേക്കും വിദേശ ഇന്ത്യക്കാര്‍ കാലേകൂട്ടി രജിസ്റ്റര്‍ ചെയ്തതോടെ ഇനിയാര്‍ക്കും സീറ്റുണ്ടാവില്ല. ഒരാഴ്ച മുന്‍പേ രജിസ്ട്രേഷന് ക്ലോസാകുമെന്ന് ആരും കരുതിയില്ല. അത്രയ്ക്ക് അഭൂതപൂര്‍വ്വമായ താല്പര്യമാണ് വിദേശ ഇന്ത്യക്കാര്‍ രജിസ്ട്രേഷന്റെ കാര്യത്തില്‍ പ്രകടിപ്പിച്ചത്. വിദേശ ഇന്ത്യക്കാരുമായി മോദി നടത്തുന്ന സംവാദ പരിപാടിയാണ് അഹ്ലന് മോദി.
അഹ്ലന് മോദിയ്ക്ക് ആകെ 60000 പേര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാനാവുക. എന്നാല്‍ ചൊവ്വാഴ്ച തന്നെ ഈ 60000 എന്ന പരിധി കടന്നു. ഇത്രയും പ്രവാസി ഇന്ത്യക്കാര്‍ മോദിയെ ഒരു നോക്ക് കാണാനും മിണ്ടാനും നേരത്തെ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്.
യുഎഇ സര്‍ക്കാര്‍ നല്കിയ 27 ഏക്കര്‍ ഭൂമിയിലാണ് ഗള്‍ഫ് രാജ്യത്തെ ഏറ്റവും വലിയ കല്‍ക്ഷേത്രം ഉയരുന്നത്. ബാപ്സ് സ്വാമിനാരായണ്‍ ട്രസ്റ്റാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 14ന് മോദിയാണ് ഈ സ്വാമിനാരായണ്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: