തൃശൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് അരി കേരളത്തിലും വിറ്റ് തുടങ്ങി, തൃശ്ശൂരിലാണ് ആദ്യ വില്‍പ്പന നടത്തിയത്. കിലോയ്‌ക്ക് 29 രൂപ നിരക്കിലാണ് അരി വില്‍പ്പന. തൃശ്ശൂരില്‍ 150 ചാക്ക് പൊന്നി അരി വിറ്റതായാണ് സൂചന. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനാണ് വിതരണച്ചുമതല. മറ്റു ജില്ലകളിൽ വാഹനങ്ങളിൽ വിതരണം തുടങ്ങും.
ജില്ലയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ അരി എത്തിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്ന് എന്‍സിസിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. പട്ടിക്കാട്, ചുവന്നമണ്ണ്. മണ്ണുത്തി ഭാഗങ്ങളിലാണ് ഇന്ന് അരി വിറ്റത്. ഒരാഴ്ചക്കുള്ളില്‍ ഭാരത് അരി വിതരണത്തിന് ഷോപ്പുകളും തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.
അഞ്ചു കിലോ, പത്തു കിലോ പായ്‌ക്കുകളില്‍ ഭാരത് ബ്രാന്‍ഡ് അരി ലഭിയ്‌ക്കും. കേന്ദ്രീയ ഭണ്ഡാര്‍, നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍ സിസിഎഫ്) എന്നി വയുടെ എല്ലാ കടകളിലും മൊബൈല്‍ ഔട്ട്‌ലെറ്റുകളിലും ഭാരത് അരി ലഭിക്കും. മറ്റ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ഇ – വാണിജ്യ പ്ലാറ്റ്‌ഫോമുകളിലും അധികം വൈകാതെ അരിയെത്തും.
ആട്ട, പരിപ്പ് എന്നിവയുടെ വില നിയന്ത്രിക്കുന്നതിനായി ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയുടെ വില്പന കേന്ദ്രം നേരത്തെ ആരംഭിച്ചിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഭാരത് അരിയുടെ വില്പനയും ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ രണ്ടായിരം കേന്ദ്രങ്ങളിലാണ് ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയുടെ വില്പന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: