കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ ചില സംശയങ്ങളുണ്ടെന്ന് വന്ദനയുടെ പിതാവ്. സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് എന്തിനാണെന്ന് മനസ്സിലാക്കുന്നില്ലെന്നും വന്ദനയുടെ പിതാവ് മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു. വന്ദനയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
‘കഴിഞ്ഞ ഏഴ് മാസങ്ങളായി ഇരുപത് തവണ കേസുമായി ബന്ധപ്പെട്ട് ഞാനും ഭാര്യയും കോടതിയിൽ നേരിട്ട് ഹാജരായിട്ടുണ്ട്. മകളുടെ മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ട്. ഇതുവരെ സർക്കാരിനെതിരായോ അന്വേഷണത്തിനെതിരായോ ഒന്നും പ്രതികരിച്ചിട്ടില്ല. പക്ഷെ സർക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ എതിർപ്പാണ് വരുന്നത്. കേരളത്തിന് പുറത്തുള്ളൊരു ഏജൻസിക്കല്ലാതെ കേസ് തെളിയിക്കാൻ സാധിക്കില്ലെന്ന അറിവിനെ തുടർന്നാണ് ഹർജി സമർപ്പിച്ചത്.
കേസിന്റെ കാര്യം വരുമ്പോൾ കോടതിയിൽ എഡിജിപിയുൾപ്പടെയുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഹാജരായി ശക്തിയുക്തം എതിർക്കുകയാണ് ചെയ്യുന്നത്. ഞങ്ങളെ പിന്തുണയ്‌ക്കാൻ ഒരു സാമൂഹിക രാഷ്‌ട്രീയ സംഘടനകളൊന്നുമില്ല. എന്തിനാണ് സർക്കാർ ഇതിനെ എതിർക്കുന്നത്? സര്‍ക്കാര്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് ജഡ്ജിമാരും ചോദിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് അത്തരമൊരു അന്വേഷണമാണ് താത്പര്യമെങ്കില്‍ അതിന് അനുവദിച്ചുകൊടുക്കേണ്ടതല്ലേയെന്നും ആരാഞ്ഞു. പിന്നെയും സര്‍ക്കാര്‍ എതിര്‍ത്തതെന്തിനെന്ന് മനസ്സിലാകുന്നില്ല, മോഹന്‍ദാസ് പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. കൃത്യമായ അന്വേഷണത്തിന് പുറത്തുനിന്നുള്ള ഏജന്‍സിതന്നെ വേണമെന്നും മോഹന്‍ദാസ് പറഞ്ഞു. അക്രമമുണ്ടായി നാലര മണിക്കൂറോളം തന്റെ മകള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്നും എഫ്‌ഐആറില്‍ തിരുത്തല്‍ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: