അബുദാബി: അബുദാബിയില്‍ ഉയര്‍ന്നു കഴിഞ്ഞ ബാപ് സ് ഹിന്ദു ക്ഷേത്രം ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎഇയില്‍ എത്തിയ മുഖ്യപുരോഹിതനായ മഹന്ത് സ്വാമി മഹാരാജിന് വരവേല്പ്. യുഎഇ ഭരണകൂടമാണ് ചൊവ്വാഴ്ച അബുദാബിയില്‍ വന്നിറങ്ങിയ മഹന്ത് സ്വാമി മഹാരാജിനെ വരവേറ്റത്.
ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് പ്രത്യേക വിമാനത്തില്‍ അബുദാബിയിലെ അല്‍ബത്തീന്‍ വിമാനത്താവളത്തില്‍ സ്വാമി മഹാരാജ് വിമാനമിറങ്ങിയത്. ഇദ്ദേഹത്തെ സ്വീകരിക്കാന്‍ യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാരക് അല്‍ നഹ്യാന്, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായി എം.എ. യൂസഫലി, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അബുദാബി ബാപ്സ് ക്ഷേത്രമേധാവി സ്വാമി ബ്രഹ്മവിഹാരി ദാസ്, ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ സ്വീകരിച്ചു.
അബുദാബി-ദുബായ് ഹൈവേയില്‍ നിന്നും മാറി അബു മുറൈഖയിലാണ് അബുദാബി സര്‍ക്കാര്‍ നല്കിയ 27 ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഗള്‍ഫ് രാജ്യത്തെ പരമ്പരാഗത കല്ലില്‍ നിര്‍മ്മിച്ച ആദ്യത്തെ ക്ഷേത്രമാണിത്.
അബുദാബിയുടെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഭൂമി സംഭാവന ചെയ്തത്. യുഎഇ ഭരണാധികാരികളുടെ സഹിഷ്ണുതയും സ്നേഹവും ബഹുമാനവും ഉദാത്തമാണെന്ന് സ്വാമി മഹന്ത് അഭിപ്രായപ്പെട്ടു.
യുഎഇയിലെ പരമ്പരാഗത നൃത്തമായ അല്‍ അയ്യാലയും മറ്റ് പരമ്പരാഗത സാംസ്കാരിക പരിപാടികളും സാധാരണ രാഷ്ട്രനേതാക്കള്‍ രാജ്യം സന്ദര്‍ശിക്കുമ്പോഴാണ് നല്‍കാറുള്ളത്. ഇതര മതത്തിലെ ഒരു ആചാര്യന് എത്തുമ്പോള്‍ ഇത്തരമൊരു വരവേല്പ് നല്‍കുന്നത് ഇതാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: