ന്യൂദല്‍ഹി: എന്‍സിപി സ്ഥാപകനായ ശരദ് പവാര്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്ക്. എന്‍സിപി എന്ന പേരും ചിഹ്നവും മരുമകനെങ്കിലും ഇപ്പോള്‍ മഹാരാഷ്‌ട്രയിലെ ബിജെപി-ഷിന്‍ഡേ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന അജിത് പവാറിന് നല്‍കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതോടെയാണിത്.
ശരദ് പവാറുമായുള്ള യുദ്ധം അജിത് പവാര്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതോടെ
അജിത് പവാര്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതോടെയാണ് ശരദ് പവാറും മരുമകനും തമ്മില്‍ എന്‍സിപിയുടെ പേരിനും പാര്‍ട്ടി ചിഹ്നത്തിനും വേണ്ടി കിടമത്സരം തുടങ്ങിയത്. ഇത് നിയമയുദ്ധമായി മാറി. എന്നാല്‍ ചൊവ്വാഴ്ച ഈ നിയമയുദ്ധത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോള്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാറിന് അനുകൂലമായി നിര്‍ണ്ണായക തീരുമാനമെടുക്കുകയായിരുന്നു. എൻസിപി എന്ന പാർട്ടി പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവില്‍ പറയുന്നു. രണ്ട് ദശകം മുന്‍പ് എന്‍സിപി എന്ന പാര്‍ട്ടി രൂപീകരിച്ച ശരദ് പവാറിന് താന്‍ പോറ്റി വളര്‍ത്തിയ പാര്‍ട്ടിയാണ് നഷ്ടപ്പെട്ടത്.
ഫെബ്രുവരി ഏഴിനകം പുതിയ പേര് നിര്‍ദേശിച്ചില്ലെങ്കില്‍ ശരത് പവാറിനൊപ്പമുള്ള എംഎല്‍എമാര്‍ സ്വതന്ത്രരാകും
പുതിയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി ഏഴ് ബുധനാഴ്ചയ്‌ക്കകം നിര്‍ദേശിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശരദ് പവാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം മഹാരാഷ്‌ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യേണ്ട അവസാന ദിവസം അടുക്കുകയാണ്. ഫെബ്രുവരി ഏഴിനകം ശരദ് പവാര്‍ പുതിയ പാര്‍ട്ടിയുടെ പേര് നിര്‍ദേശിച്ചില്ലെങ്കില്‍ ശരദ് പവാര്‍ പക്ഷത്തുള്ള മുഴുവന്‍ എംഎല്‍എമാരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രരായി പ്രഖ്യാപിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത് മുഴുവന്‍ എംഎല്‍എമാരോടും ആരാഞ്ഞ ശേഷം
എൻസിപിയുടെ പേരിൽ മത്സരിച്ച് വിജയിച്ച ഭൂരിപക്ഷം ജനപ്രതിനിധികളുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം എടുത്തിരിക്കുന്നത്. പാർട്ടി ഭരണഘടന പ്രകാരം ഇരു വിഭാഗങ്ങളും പ്രവർത്തിച്ചില്ലെന്നും അതിനാലാണ് ഒപ്പമുളള ജനപ്രതിനിധികളുടെ എണ്ണം കണക്കിലെടുത്ത് തീരുമാനമെടുത്തതെന്നും കമ്മീഷൻ വ്യക്തമാക്കി. ശരദ്, അജിത് വിഭാഗങ്ങൾ പാർട്ടി ഭരണഘടന പ്രകാരമല്ല പ്രവർത്തിക്കുന്നത്. ഭരണഘടനയിൽ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിലല്ല അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനാൽ ഭരണഘടന മാനദണ്ഡമാക്കി തീരുമാനമെടുക്കാൻ സാധിക്കില്ല. ആയതിനാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ എണ്ണം പരിഗണിച്ച് തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്നും ഉത്തരവിൽ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
അജിത് പവാര്‍ എന്‍സിപി വിട്ട് ബിജെപി-ഷിന്‍ഡേ സര്‍ക്കാരിനൊപ്പം ചേര്‍ന്നത് 2003 ജൂലായില്‍
2023 ജൂലൈയിലാണ് പാർട്ടിയിൽ ഭിന്നതകൾ ഉടലെടുത്തതിന് പിന്നാലെ അജിത് പവാർ ഭൂരിഭാഗം അംഗങ്ങൾക്കുമൊപ്പം എൻഡിഎയുടെ ഭാഗമാകുന്നത്. പിന്നാലെ മഹാരാഷ്‌ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു..1999 കോൺഗ്രസിനെ പിളർത്തി ശരദ് പവാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടിയാണ് എൻസിപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: