പത്തനംതിട്ട: കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ് അവതരണം പുത്തരിക്കണ്ടം മൈതാനത്തെ രാഷ്ട്രീയ പ്രസംഗം പോലെയാണെന്ന് എന്‍ഡിഎ ചെയര്മാന് കെ. സുരേന്ദ്രന്. ബജറ്റിലെ പ്രസംഗം വസ്തുതാ വിരുദ്ധവും ജനവിരുദ്ധവുമാണെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന് പറഞ്ഞു.
ഇത് കേരളത്തെ പിന്നോട്ട് നയിക്കുന്ന ബജറ്റാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റിയുള്ള ധനമന്ത്രിയുടെ നിരീക്ഷണം തെറ്റാണ്. വളര്‍ച്ചയ്ക്ക് ഉതകുന്ന ഒരു നടപടിയും ബജറ്റിലില്ല. പുതിയ നിര്‍ദേശങ്ങളില്ലാത്ത ബജറ്റില്‍ കേന്ദ്രത്തിനെതിരായ വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണുള്ളത്. കര്‍ഷകരെയും യുവാക്കളെയും സഹായിക്കാന്‍ ബാലഗോപാലിന്റെ പക്കല്‍ ഒന്നുമില്ല. നിക്ഷേപം വര്‍ധിപ്പിക്കാനോ വ്യവസായിക പുരോഗതിക്കോ നടപടിയില്ല.
അനന്ത സാധ്യതകളുള്ള ടൂറിസത്തിന് പോലും ഈ ബജറ്റില്‍ ഒന്നുമില്ല. റബറിന് 170 രൂപ താങ്ങുവിലയുള്ള സ്ഥാനത്ത് 10 രൂപ കൂട്ടിയത് വലിയ കാര്യമായാണ് പറയുന്നത്. ഇത് കര്‍ഷകരെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. റബറിന് താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ 180 രൂപയില്‍ ഒതുക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഡിഎയുടെ കാര്യത്തില്‍ ഉദ്യോഗസ്ഥരെ ചതിക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഡിഎ ഉയര്‍ത്തി മുന്നോട്ട് പോകുകയാണ്.
സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട സെമിനാറില്‍ പ്രസംഗിച്ചതിന്റെ പേരില്‍ ടി.പി. ശ്രീനിവാസനെ ക്രൂരമായി മര്‍ദിച്ചവരാണ് ഇന്ന് സ്വകാര്യ സര്‍വകലാശാലയ്ക്ക് വേണ്ടി വാദിക്കുന്നത്. ടി.പി. ശ്രീനിവാസനോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി കൊച്ചിയില്‍ പ്രഖ്യാപിച്ച 4,000 കോടിയുടെ പദ്ധതിയെപ്പറ്റിയോ മറ്റ് കേന്ദ്ര പദ്ധതികളെകുറിച്ചോ ഒരു നല്ല വാക്കുപോലും ധനമന്ത്രി പറഞ്ഞില്ല.
സംസ്ഥാനത്തിന് നല്കിയ സാമ്പത്തിക സഹായത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. കേരളത്തിന് കൊടുക്കാനുള്ളതും അതിലധികവും കേന്ദ്രം കൊടുത്തിട്ടുണ്ട്. കേരളം കടമെടുത്ത് ധൂര്‍ത്തടിക്കുകയാണ്. കിഫ്ബിയെ പോലുള്ള സ്ഥാപനങ്ങള്‍ക്ക് വേണ്ടി കടമെടുത്ത് മറ്റ് കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്നു. കിഫ്ബിയെ പറ്റി ബജറ്റില്‍ അധികം പറയാത്തത് അത് വലിയ പരാജയമായതുകൊണ്ടാണ്. ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് ഭൂനികുതി ഈടാക്കുന്ന കൊള്ളയാണ് ഇവിടെ നടക്കുന്നത്.
കെഎസ്ഐഡിസിക്ക് വീണ്ടും പണം നീക്കിവച്ചത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാം. വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാന്‍ ഒരു ശ്രമവുമില്ല. 25,000 കോടി പിരിച്ചെടുക്കാനുള്ളതിനെ പറ്റി ഒന്നും പറയാതെ പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയാണ്. നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുവദിച്ചത് കോടികളുടെ അഴിമതി നടത്താനാണ്.
ഒരു സ്ഥാപനത്തില്‍ നിന്നും മാത്രമല്ല പല സ്ഥാപനങ്ങളില്‍ നിന്നും എല്‍ഡിഎഫും യുഡിഎഫും മാസപ്പടി വാങ്ങുന്നുണ്ട്, സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കരമന ജയന്, ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി നോബിള്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: