തിരുവനന്തപുരം: കെ.എൻ ബാലഗോപാലിന്റെ ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥ എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. യാഥാർത്ഥ്യബോധം തെല്ലുമില്ലാത്ത ബജറ്റ് ഈ ദശകത്തിലെ വലിയ തമാശയാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന കണക്ക് അവതരിപ്പിക്കാൻ നിൽക്കരുത്. കഴിഞ്ഞ കുറേ കാലമായി പ്രഖ്യാപിച്ച് നടപ്പാക്കാത്ത പദ്ധതികൾ വീണ്ടും പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.
ഇപ്പോൾ നടത്തിയ പ്രഖ്യാപനങ്ങളിൽ പകുതിയും കഴിഞ്ഞ കാലങ്ങളിൽ നടത്തിയവ. കടക്കെണിയിലുള്ള കേരളം ഇടുക്കിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്‌ക്ക് അഞ്ചോ പത്തു കോടി രൂപ മാറ്റിവച്ചിരിക്കുന്നു. ഈ പണം ഇവിടെ നിന്ന് വരും. മുതലപ്പൊഴിയിലെ ഹാർബർ, മത്സ്യത്തൊഴിലാളികളുടെ കാലങ്ങളായുള്ള ആവശ്യം. കാലങ്ങളായി പറയുന്നതല്ലാതെ ഒരു ശ്രമവും നടന്നിട്ടില്ല. മൂലധനനിക്ഷേപം വർധിപ്പിക്കാനും, കടക്കെണി കുറയ്‌ക്കാനും നികുതിപ്പിരിവ് ഊർജിതമാക്കാനും ഒരു നടപടിയുമില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ദേശീയപാത വികസനം കേരളത്തിന്റെ നേട്ടമെന്ന് പറയാന്‍ അസാമാന്യ തൊലിക്കട്ടി വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ദൽഹിയിൽ കേന്ദ്രവിരുദ്ധസമ്മേളനം നടത്താൻ അരക്കോടിയെങ്കിലും ചിലവ് വരും. അത് എങ്ങനെയാണ് നീക്കിവച്ചിരിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്‌ട്രീയ പ്രചാരണത്തിന് വേണ്ടി ധൂർത്ത് തുടരുകയാണ്. അടുത്ത നാലുമാസത്തേക്ക് കൂടി ക്ഷേമ പെൻഷൻ മുടങ്ങുമെന്നല്ലാതെ ദല്‍ഹി യാത്രകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
പണമില്ലാത്തതിനാൽ തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നു. 57000 കോടി രൂപയുടെ കണക്ക് വീണ്ടും അവതരിപ്പിച്ചിരിക്കുന്നു ഈ പച്ചക്കള്ളം നിയമസഭയിൽ അവതരിപ്പിക്കാൻ അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ തയ്യാറാവില്ലെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: