(കൃഷ്ണാര്‍ജുന സംവാദം)
അവര്‍ നല്കുന്ന ജ്ഞാനം കൊണ്ടെന്താണ് സംഭവിക്കുക?
ഹേ പാണ്ഡവാ ! എന്തറിഞ്ഞാലാണോ പിന്നെ നീ ഇപ്രകാരമുള്ള മോഹത്തെ പ്രാപിക്കാതിരിക്കുന്നത്, ആ ജ്ഞാനം കൊണ്ട് എല്ലാ പ്രാണികളെയും തന്നിലും, അനന്തരം സച്ചിദാനന്ദഘനമായ പരമാത്മാവിലും, നീ കാണും.
ഈ ജ്ഞാനത്തിന് മറ്റെന്തെങ്കിലും മഹിമയും ഉണ്ടോ?
ഉണ്ട്. നീ മറ്റെല്ലാ പാപികളിലും വെച്ച് കൂടുതല്‍ പാപം ചെയ്യുന്നവനാണെങ്കില്‍പ്പോലും ജ്ഞാനരൂപമായ തോണിയേറി നിസ്സന്ദേഹം സമസ്ത പാപസമുദ്രത്തെയും തരണം ചെയ്യും.
തോണിയേറി സമുദ്രം താണ്ടിയാലും സമുദ്രം അവിടെത്തന്നെ ഉണ്ടാകുമല്ലോ, അതുപോലെ പാപത്തെ തരണം ചെയ്താലും പാപം അവിടെത്തന്നെ ഉണ്ടാവില്ലേ?
ഇല്ല. എന്തുകൊണ്ടെന്നാല്‍, അര്‍ജുനാ, കത്തിക്കാളുന്ന അഗ്നി വിറകുകളെ എപ്രകാരം ഭസ്മമാക്കുന്നുവോ, അപ്രകാരം ജ്ഞാനമാകുന്ന അഗ്നി സകല കര്‍മ്മങ്ങളേയും ഭസ്മീകരിക്കും. ഈ ലോകത്ത് ജ്ഞാനത്തോടു തുല്യമായി, ശുദ്ധീകരിക്കുന്ന മറ്റൊന്ന് നിശ്ചയമായുമില്ല. വളരെക്കാലം കൊണ്ട് കര്‍മ്മയോഗം വഴി അന്തഃകരണശുദ്ധി വരുത്തിയ ആള് സ്വയം ആത്മാവില്‍ ഈ ജ്ഞാനത്തെ നേടുന്നു.
കര്‍മ്മയോഗത്തിലൂടെ സിദ്ധരായ മനുഷ്യര്‍ക്ക് സ്വാഭാവികമായി ലഭിക്കുന്ന ജ്ഞാനം മറ്റ് സാധകര്‍ക്ക് എങ്ങനെ ലഭിക്കുന്നു?
ജിതേന്ദ്രിയനും സാധനാനിഷ്ഠനും ശ്രദ്ധാവാനുമായ മനുഷ്യന് ബ്രഹ്മജ്ഞാനം ലഭിക്കുന്നു. ജ്ഞാനപ്രാപ്തിക്കുശേഷം കാലതാമസം കൂടാതെ ഭഗവത്പ്രാപ്തിയാകുന്ന പരമശാന്തിയേയും അയാള്‍ പ്രാപിക്കുന്നു.
ജ്ഞാനപ്രാപ്തിക്ക് എന്താണ് തടസ്സം?
സ്വയം അറിയാത്തവനും മറ്റുള്ളവരെ വിശ്വസിക്കാത്തവനും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാത്തവനും ഉള്ളില്‍ സംശയമുള്ളവനും പതനം സംഭവിക്കുന്നു, അത്തരം സംശയങ്ങളുള്ള ഒരാള്‍ക്ക് ഇഹലോകമോ പരലോകമോ സുഖകരമാവുന്നില്ല.
സംശയം നശിച്ചാല്‍ എന്ത് സംഭവിക്കും?
ഹേ ധനഞ്ജയ! കര്മ്മയോഗവിധിപ്രകാരം സമസ്തകര്‍മ്മങ്ങളും പരമാത്മാവില്‍ സമര്‍പ്പിച്ചവനും, വിവേകത്താല്‍ സര്‍വസംശയങ്ങളും പരിഹരിച്ചവനും, അന്തഃകരണ വൃത്തികളെ സ്വാധീനമാക്കി വച്ചിരിക്കുന്നവനുമായ മനുഷ്യനെ കര്‍മ്മങ്ങള്‍ ബന്ധിക്കുന്നില്ല.
ഹേ ഭാരത! നിന്റെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന അജ്ഞാനജന്യമായ സംശയത്തെ വിവേകജ്ഞാനമായ വാള്‍കൊണ്ട് ഛേദിച്ച് നീ സമഭാവമാകുന്ന കര്‍മ്മയോഗത്തില്‍ ഉറച്ചുനില്ക്കുക. യുദ്ധം (കര്‍ത്തവ്യ പാലനം) ചെയ്യാന്‍ വേണ്ടി എഴുന്നേല്ക്കുക.
(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: