തൃശ്ശൂര്‍: ബാലചന്ദ്രന് ചുള്ളിക്കാട് വിവാദത്തിന് പിന്നാലെ ശ്രീകുമാരന്‍ തമ്പിയുമായുള്ള ഏറ്റുമുട്ടലിലും നാണംകെട്ട് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്. ശ്രീകുമാരന്‍ തമ്പിയുടെ കേരള ഗാനം തിരസ്കരിച്ചത് സാഹിത്യ അക്കാദമി അല്ലെന്നും ഡോ.എം. ലീലാവതിയുടെ അധ്യക്ഷതയിലുള്ള ജൂറി ആണെന്നുമാണ് സച്ചിദാനന്ദന് കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ ഡോ.എം. ലീലാവതി തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്ത് വന്നതോടെ സച്ചിദാനന്ദന്റെ മുഖംമൂടി അഴിഞ്ഞുവീണു.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനം താന്‍ കണ്ടിട്ടില്ലെന്നും, അക്കാര്യം സച്ചിദാനന്ദന് അറിയാമെന്നുമാണ് ലീലാവതി പ്രതികരിച്ചത്. ഇതോടെ സച്ചിദാനന്ദന് നുണ പറയുകയാണെന്ന് വ്യക്തമായി. കേരള ഗാനം എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദനും സെക്രട്ടറി കെ.സി. അബൂബക്കറും വിശ്വാസവഞ്ചന കാട്ടി എന്നാണ് ശ്രീകുമാരന്‍ തമ്പി കഴിഞ്ഞ ദിവസം ആരോപിച്ചത്. ഗാനം എഴുതി നല്‍കിയെങ്കിലും അത് സ്വീകരിക്കുന്നില്ല എന്ന കാര്യം ശ്രീകുമാരന്‍ തമ്പിയെ അറിയിച്ചിരുന്നില്ല. തമ്പിയെ അറിയിക്കാതെ ബി.കെ. ഹരിനാരായണനെ കൊണ്ട് വേറെ ഗാനം എഴുതിക്കുകയായിരുന്നു.
വിവാദത്തില്‍ താനും ശ്രീകുമാരന്‍ തമ്പിക്ക് പിന്തുണ നല്‍കുകയാണെന്ന് ഹരിനാരായണനും ഇന്നലെ പറഞ്ഞു. സമാനതകളില്ലാത്ത കവിയാണ് ശ്രീകുമാരന്‍ തമ്പിയെന്നും അദ്ദേഹവുമായി ആരെയും താരതമ്യം ചെയ്യാനാവില്ലെന്നുമായിരുന്നു ഹരിനാരായണന്റെ പ്രതികരണം. ഇതോടെ സച്ചിദാനന്ദനും സാഹിത്യ അക്കാദമിയും ഒറ്റപ്പെടുന്ന സാഹചര്യമായി.
അക്കാദമിയില്‍ പ്രസംഗിക്കാന്‍ എത്തിയിട്ട് വണ്ടിക്കൂലി പോലും നല്‍കിയില്ലെന്ന ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വിവാദ പരാമര്‍ശം നാണക്കേട് ഉണ്ടാക്കിയതിന് പിന്നാലെയാണ് ശ്രീകുമാരന്‍ തമ്പിയെപ്പോലെ മുതിര്‍ന്ന കവിയും അക്കാദമി ഭാരവാഹികള്‍ക്കെതിരെ രംഗത്തുവന്നത്. ഇരു കവികളും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ സച്ചിദാനന്ദന് മനപൂര്‍വ്വം നുണകള്‍ പറയുന്നതായും ബോധ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: