കൊച്ചി:കളമശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാന്‍ ധാരണ. ഹൈക്കോടതിയും ഇതിന്റെ ഭാഗമായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ധാരണയായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഈ മാസം 17ന് സ്ഥല പരിശോധന നടക്കുമെന്ന് മന്ത്രി രാജീവ് അറിയിച്ചു. കളമശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അതും കണ്ടെത്തും.
ഹൈക്കോടതിക്ക് പുറമെ ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷന് സെന്റര്‍ എന്നിങ്ങനെ രാജ്യാന്തര തലത്തില്‍ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയില്‍ സ്ഥാപിക്കും. 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് നിര്‍മ്മിക്കാന്‍ പദ്ധതി. 28 ലക്ഷം ച. അടി വിസ്തീര്‍ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് സൗകര്യങ്ങള്‍ ഒരുക്കും. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, അഭിഭാഷകരുടെ ചേമ്പര്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ സജ്ജമാക്കും.
നിലവില്‍ സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍മ്മാണത്തിന് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: