ഭാരത് രത്ന അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടി സ്വീകരിക്കുന്നതായി എല്‍.കെ. അദ്വാനി അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം.
‘ഭാരത് രത്ന’ അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടി ഞാന്‍ സ്വീകരിക്കുന്നു. ഒരു വ്യക്തി എന്ന നിലയില്‍ ലഭിക്കുന്ന ബഹുമതി മാത്രമല്ലിത്. ജീവിതത്തിലുടനീളം എന്റെ കഴിവിന്റെ പരമാവധി പുലര്‍ത്താന്‍ ശ്രമിച്ച ആദര്‍ശങ്ങള്‍ക്കും തത്വങ്ങള്‍ക്കും കൂടിയുള്ളതാണ്. 14 ാം വയസില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തകനായി ചേര്‍ന്നതു മുതല്‍ തന്റെ മുന്നിലുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം മാത്രമായിരുന്നു. തന്നെ ഏല്‍പ്പിച്ച ഏതൊരു പ്രവര്‍ത്തിയും തന്റെ പ്രിയപ്പെട്ട രാജ്യത്തിനുള്ള സമര്‍പ്പണവും നിസ്വാര്‍ത്ഥവുമായ സേവനവുമായിരുന്നു. ഇദം ന മമ – ഈ ജീവിതം എന്റേതല്ല. എന്റെ ജീവിതം എന്റെ രാഷ്ട്രത്തിന് വേണ്ടിയാണ്, എന്നതാണ് എന്റെ ജീവിതത്തിന് പ്രചോദനമായത്.
താന്‍ ഏറ്റവും കൂടുതല്‍ അടുത്ത് പ്രവര്‍ത്തിച്ച ബഹുമാന്യ വ്യക്തിത്വങ്ങളായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, ഭാരതരത്ന അടല്‍ ബിഹാരി വാജ്പേയി എന്നിവരെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.
തന്റെ പൊതുജീവിതത്തിലുടനീളം ഒപ്പം പ്രവര്‍ത്തിച്ച ദശലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്വയംസേവകര്‍ക്കും മറ്റുള്ളവര്‍ക്കും ഹൃദയംഗമമായ നന്ദി. എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും, പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട പരേതയായ ഭാര്യ കമലയോടും ഞാന്‍ എന്റെ അഗാധമായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയുടെയും നിലനില്‍പ്പിന്റെയും ഉറവിടം അവരാണ്.
ഈ ബഹുമതി സമ്മാനിച്ചതിന് പ്രസിഡന്റ് ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്ക് എന്റെ ആത്മാര്‍ത്ഥമായ നന്ദി. നമ്മുടെ മഹത്തായ രാജ്യം വികസനത്തിന്റെയും മഹത്വത്തിന്റെയും കൊടുമുടിയിലേക്ക് മുന്നേറട്ടെ. ജയ് ഹിന്ദ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: