തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയംതിരുനാള്‍ ഗൗരി പാര്‍വതിബായിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാര്‍ പട്ടം. ഫ്രഞ്ച് അധ്യാപിക, തിരുവനന്തപുരത്ത അലൈന്‍സ് ഫ്രാഞ്ചൈസുമായുള്ള ബന്ധം, സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.
1802ൽ ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ആണ് പുരസ്കാരം സ്ഥാപിച്ചത്. ഫ്രാൻസിന് അസാധാരണ സംഭാവനകൾ നൽകിയ വ്യക്തികൾക്ക്, ഏത് രാജ്യക്കാരെന്ന ഭേദമില്ലാതെ നൽകുന്ന പുരസ്‌കാരമാണിത്. നിലവില്‍ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റാണ് ഷെവലിയാര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഷെവലിയർ ( നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൺ ഓഫ് ഓണർ) ആയി നിയമിച്ച വിവരം ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഡോ. തിയറീ മാത്തൗ കത്തിലൂടെ അറിയിച്ചു.
ഒരാഴ്ചയ്‌ക്കിടെ രണ്ടു ബഹുമതികളാണ് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ തേടിയെത്തിയത്. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിക്ക് കഴിഞ്ഞയാഴ്ച പദ്മശ്രീ ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സഹോദരിയായ പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായിക്ക് ഷെവലിയാര്‍ പട്ടം.
മഹാറാണി കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായിയുടേയും ലെഫ്‌റെനെന്റ്‌റ് കേണല്‍ ഗോദവര്‍മ്മ രാജയുടെ മക്കളും ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ സഹോദരി പുത്രിമാരുമാണ് ഇവര്‍
മലയാളിക്കു ലഭിച്ച അംഗീകാരമാണിതെന്ന് പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി അറിയിച്ചു. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, ഹിന്ദുധര്‍മപ്രവര്‍ത്തനത്തിനു ലഭിച്ച അംഗീകാരം. എല്ലാം പദ്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.












