മട്ടാഞ്ചേരി: ടൂറിസം പൈതൃക കേന്ദ്രത്തില്‍ സംരക്ഷിത കെട്ടിടങ്ങള്‍ രൂപ മാറ്റത്തിന് സംസ്ഥാന പുരാവസ്തു വകുപ്പ് ഒത്താശ ചെയ്യുന്നതായി ആരോപണം.
കൊച്ചിയിലെ പുരാവസ്തു സംരക്ഷിത മേഖലയായ മട്ടാഞ്ചേരി ജൂടൗണിലെ കെട്ടിടങ്ങളാണ് രൂപമാറ്റം വരുത്തുന്നത്. തുടര്‍ച്ചയായ ഒഴിവുദിനങ്ങള്ക്കിടയിലാണ് അനുമതിയുണ്ടന്ന്
ചുണ്ടിക്കാട്ടി കെട്ടിട മേലാപ്പ് രൂപമാറ്റം നടത്തുന്നത്. പ്രദേശിക എതിര്‍പ്പിനെ തുടര്‍ന്ന് അറ്റകുറ്റപ്പണി പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. എന്നാല്‍ സംസ്ഥാന
പുരാവസ്തു വകുപ്പിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്.
കേന്ദ്ര പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ മട്ടാഞ്ചേരി കൊട്ടാരത്തിന് വിളിപ്പാടകലെയും ജൂതപള്ളിക്ക് വാരകള്ക്കടുത്തുമാണ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായും നിയമലംഘനം നടത്തി കെട്ടിടങ്ങളില്‍ രൂപമാറ്റം വരുത്തുന്നത്. ജൂടൗണില്‍ പൊതുനിരത്തോടുചേര്ന്ന ജൂത പള്ളിയിലേയ്ക്കുള്ള പാത പ്രവേശന കവാടത്തിലെ കൊച്ചിന് ഓയില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് കെട്ടിടമാണ് ഓടുകള്‍ മാറ്റി ഷിറ്റുകള്‍
പാകി പഴമയില്‍ നിന്നുള്ള രൂപമാറ്റമുണ്ടാക്കുന്നത്.
പുരാവസ്തു സ്മാരകങ്ങളുടെ നിശ്ചിത പരിധിക്കകത്ത് വീടുകളടക്കം അറ്റകുറ്റപ്പണികള്‍ക്ക് പോലും ചട്ടങ്ങളുയര്‍ത്തി അനുമതി നിഷേധിക്കുന്ന സംസ്ഥാന പുരാവസ്തുവകുപ്പധികൃതര്‍ ഏകപക്ഷീയമായി ചട്ടവിരുദ്ധ സമീപനം കൈക്കൊണ്ടതെന്നാണ് ആരോപണം.
വര്‍ഷങ്ങളായി വീടുകളുടെ അറ്റകുറ്റപ്പണി, ക്ഷേത്ര നവീകരണം, സാംസ്ക്കാരിക സംഘടന ഓഫീസുകള്‍ എന്നിവയടക്കം അനുമതി നല്‍കാത്ത വകുപ്പധികൃതരുടെ നിലപാടിനെയും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി.
കെട്ടിടത്തിനകത്തുള്ള അറ്റകുറ്റപ്പണി തടഞ്ഞതിനെ തുടര്‍ന്ന് പഴയകാല ബാങ്ക് ശാഖ അടച്ചുപൂട്ടാനുമൊരുങ്ങി. പുരാവസ്തു സംരക്ഷിത ചട്ടങ്ങളുടെ മറവില്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ പ്രതിഷേധവും നിയമനടപടികള്ക്കുമൊരുങ്ങുകയാണ് ജനകീയ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: