ഗുരുവായൂര്‍: ഗുരുവായൂരപ്പനെ തൊഴുത് മടങ്ങുമ്പോള്‍ ഗണപതിയെ വണങ്ങി തേങ്ങയുടയ്ക്കുക എന്നത് ഒരു പ്രധാന ചടങ്ങാണ്. ഇക്കുറി ഗണപതിയെ തൊഴാന്‍ പോകുന്നവര്‍ക്ക് ഉടയ്ക്കാനുള്ള വഴിപാട് തേങ്ങ നല്കുന്ന കൗണ്ടര്‍ ഒരു വര്‍ഷത്തേക്ക് ഗുരുവായൂര്‍ ദേവസ്വം കരാര്‍ നല്‍കിയത് 1.07 കോടി രൂപയ്ക്കാണ് . ഇത് എക്കാലത്തേയും റെക്കോഡ് തുകയാണ്. കഴിഞ്ഞ വര്‍ഷം വെറും 51 ലക്ഷം മാത്രമായിരുന്നു കരാര്‍ തുക. .
ഗുരുവായൂരിനടുത്തുള്ള തൈക്കാട് സ്വദേശി കോടത്തൂര്‍ മോഹനനാണ് 1.07 കോടി നല്കി ഈ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വെറും 51 ലക്ഷം രൂപയ്ക്കാണ് കരാര്‍ പോയത്. അതിനും തൊട്ടുമുന്പിലെ വര്‍ഷം ഈ തുക 36 ലക്ഷം മാത്രമായിരുന്നു.
പക്ഷെ കഴിഞ്ഞ വര്‍ഷം 51 ലക്ഷം നല്കി തേങ്ങയുടെ കരാര്‍ ഏറ്റെടുത്തയാള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തിപ്പോയിരുന്നു. ഇതോടെ ഗുരുവായൂര്‍ ദേവസ്വം അത് ഏറ്റെടുത്ത് നടത്തേണ്ടി വന്നു. ഇപ്പോള്‍ കരാര്‍ നല്‍കിയിരിക്കുന്നത് ഫെബ്രുവരി ഒന്നുമുതല്‍ അടുത്ത് ഫെബ്രുവരി ഒന്ന് വരെയാണ്.
കിഴക്കേനടയിലെ മേല്പത്തൂര് ഓഡിറ്റോറിയത്തിന് അടുത്താണ് നാളികേര വഴിപാട് കൗണ്ടര്‍. ദിവസേന ഏകദേശം 2500 മുതല്‍ 3000 പേര് വരെ തേങ്ങയുടക്കാന്‍ എത്താറുണ്ട്. ഒരു തേങ്ങയുടെ വില 15 രൂപയാണ്. നാളികേര വില കൂടിയാലും 15 രൂപയ്ക്ക് തന്നെയാണ് ഇവിടെ തേങ്ങ നല്‍കുക.
ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് തുലാഭാരം, പുറത്ത് ചെരുപ്പും ബാഗുമെല്ലാം സൂക്ഷിക്കുന്ന ക്ലോക്ക് മുറി എന്നിവയും ഇതുപോലെ ഗുരുവായൂര്‍ ദേവസ്വം എല്ലാവര്‍ഷവും കരാര്‍ കൊടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: