ന്യൂദല്‍ഹി:2024ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യാ മുന്നണിയില്‍ തന്നെയുള്ള ഘടകകക്ഷികള്‍. കോണ്‍ഗ്രസിന്റെ വല്യേട്ടന് മനോഭാവത്തിനെതിരായാണ് ഇവര്‍ എല്ലാവരും കോണ്‍ഗ്രസിനെ കണക്കിന് വിമര്‍ശിക്കുകയും സഖ്യം വേണ്ടെന്നും പറയുന്നത്.
കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയും ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും. ഇപ്പോള്‍ ഡിഎംകെ നേതാക്കളും കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സീറ്റു വാങ്ങാന്‍ മാത്രമാണ് ഇത്തരമൊരു പാര്‍ട്ടി നിലനില്‍ക്കുന്നതെന്നാണ് ഒരു ഡിഎംകെ നേതാവ് കുറ്റപ്പെടുത്തിയത്.
ബീഹാറില്‍ നിതീഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാനുള്ള തീരുമാനത്തിലേക്ക് നീങ്ങുകയാണ്. സമവായത്തിനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചിട്ടുപോലും ഫോണെടുക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനും കോണ്‍ഗ്രസുമായി സഖ്യത്തിന് താല്പര്യമില്ല. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അഖിലേഷ് യാദവ് സഖ്യം വേണ്ടെന്ന് തുറന്നടിച്ച് പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി കൂട്ടുകൂടിയിട്ട് യാതൊരു നേട്ടവും യുപിയില്‍ കൊയ്യാനാവുന്നില്ല എന്നതാണ് അഖിലേഷ് യാദവിന്റെ അനുഭവം. രാഹുല്‍ ഗാന്ധി പോലും യുപിയിലെ അമേഠിയില്‍ നിന്നും മത്സരിക്കാതെ സുരക്ഷിതസീറ്റ് തേടി കേരളത്തിലെ വയനാട്ടില്‍ പോയതിനെയും വിമര്‍ശനബുദ്ധിയോടെയാണ് അഖിലേഷ് യുദദവിന്റെ സമാജ് വാദി പാര്‍ട്ടി നോക്കിക്കാണുന്നത്.
ഇപ്പോള്‍ സിപിഎം മാത്രമാണ് കോണ്‍ഗ്രസിനെ ഉയര്‍ത്തിപ്പിടിച്ച് പിന്നാലെ കൂടിയിരിക്കുന്നത്. ബംഗാളില്‍ സ്വയം തകര്‍ന്നാലും കോണ്‍ഗ്രസിനെ താങ്ങും എന്ന നിലപാടിലാണ് സിപിഎം. അതിന് ചുക്കാന്‍ പിടിക്കുന്നത് സീതാറാം യെച്ചൂരിയാണ്. സിപിഎമ്മാണ് കോണ്‍ഗ്രസിനെക്കൊണ്ട് തീരുമാനങ്ങള്‍ എടുപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം മമത ബാനര്‍ജി വിമര്‍ശനമുന്നയിച്ചിരുന്നു. എങ്ങിനെയെങ്കിലും കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് കേന്ദ്രത്തില്‍ അധികാരം കയ്യാളുക എന്ന ലക്ഷ്യത്തിലേക്ക് അധപതിച്ചിരിക്കുകയാണ് സിപിഎം ഇപ്പോള്‍. പണ്ട് പാര്‍ലമെന്ററി ജനാധിപത്യം തങ്ങളുടെ പാതയല്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രിക്കസേരയില്‍ ഇരിയ്ക്കേണ്ട ജ്യോതിബസുവിന് അത് നിഷേധിച്ച പാര്‍ട്ടികൂടിയാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: