ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി പ്രഖ്യാപനം 30ന്. ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട 15 പ്രതികളും കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം നിലനില്‍ക്കുമെന്നും കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതികളോട് ശിക്ഷയെക്കുറിച്ച് കോടതി ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. പരമാവധി ദയ കാട്ടണമെന്ന് പ്രതികള്‍ കോടതിയോട് അപേക്ഷിച്ചു. വന്‍ പോലീസ് സുരക്ഷയിലാണ് പ്രതികളെ മാവേലിക്കര സബ് ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി പ്രതികളോട് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് ആരാഞ്ഞു.
പരമാവധി ശിക്ഷ ഇളവ് അനുവദിക്കണമെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ഒരുവിധത്തിലും ഉള്ള ശിക്ഷ ഇളവിന് പ്രതികള്‍ ആരും അര്‍ഹരല്ലെന്നും പരമാവധി ശിക്ഷയായ വധശിക്ഷയ്ക്കു തന്നെ അര്‍ഹരാണെന്നുമാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കല്‍ വാദിച്ചത്.
വാദം പൂര്‍ത്തിയാക്കിയ കോടതി പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നതിനായി കേസ് 30ലേക്ക് മാറ്റി. പ്രതികളുടെ സാമൂഹിക അവസ്ഥ അടക്കമുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ ജില്ലാ ഭരണകൂടത്തോടും ജില്ലാ പ്രബേഷന്‍ ഓഫീസറോടും കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച റിപ്പോര്‍ട്ടുകളും പരിഗണിച്ചു. പ്രതികള്‍ റിമാന്‍ഡില്‍ തടവില്‍ കഴിഞ്ഞ മാവേലിക്കര സബ് ജയിലില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടും അവരുടെ മാനസിക ആരോഗ്യ നിലയെ സംബന്ധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളജിലെ മാനസിക ആരോഗ്യവിദഗ്ധര്‍ തയാറാക്കിയ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചിരുന്നു.
ഒന്നര വര്‍ഷമായി തുടരുന്ന വിചാരണയ്ക്ക് ശിക്ഷ പ്രഖ്യാപനത്തോടെ സമാപനമാകും. കേരള പോലീസ് അടുത്തകാലത്ത് നടത്തിയ അന്വേഷണങ്ങളില്‍ ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷ ലഭിക്കുന്ന അപൂര്‍വ കേസ് ആയി ഇത് മാറി. ഒരു പഴുതും കൂടാതെ വിചാരണ പൂര്‍ത്തിയാക്കിയ സ്പെഷല്‍ പ്രോസിക്യൂട്ടറെയും പ്രോസിക്യൂഷന് ടീമിനെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കലിനോടൊപ്പം ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരായത്.
കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍
1. അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, 2. മണ്ണഞ്ചേരി അമ്പലക്കടവ് കിഴക്കേ ജുമാ മസ്ജിദിന് തെക്കുവശം, വടക്കേച്ചിറപ്പുറം വീട്ടില്‍ അജ്മല്‍, 3. ആലപ്പുഴ വെസ്റ്റ് മുണ്ട് വാടയ്ക്കല്‍ വീട്ടില്‍ അനൂപ്, 4. ആര്യാട് തെക്ക് അവലൂക്കുന്ന് ഇരക്കാട്ട് ഹൗസില്‍ മുഹമ്മദ് അസ്ലം, 5. മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം (സലാം പൊന്നാട്), 6. മണ്ണഞ്ചേരി അടിവാരം ദാറുസബീന്‍ വീട്ടില്‍ അബ്ദുല്‍ കലാം, 7. ആലപ്പുഴ വെസ്റ്റ് തൈവേലിക്കകത്ത് സറഫുദ്ദീന്‍, 8. മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, 9. ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയില്‍ ജസീബ് രാജ, 10. മുല്ലയ്ക്കല് കല്ലുപാലം വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസ്, 11. കോമളപുരം തയ്യില്‍ സമീര്‍, 12. നോര്‍ത്ത് ആര്യാട് കണക്കൂര്‍ അമ്പലത്തിന് തെക്കുവശം കണ്ണറുകാട് നസീര്‍, 13. മണ്ണഞ്ചേരി ചാവടിയില്‍ സക്കീര്‍ ഹുസൈന്, 14. മണ്ണഞ്ചേരി തെക്കേ വെളിയില്‍ ഷാജി(പൂവത്തില്‍ ഷാജി), 15. മുല്ലയ്ക്കല് നുറുദ്ദീന് പുരയിടത്തില്‍ ഷെര്‍നാസ് അഷറഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: