Categories: NewsIndia

റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യ അതിഥി; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി

Published by

ജയ്പൂര്‍ : റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരിലെത്തി അദ്ദേഹത്തെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ സ്വീകരിച്ചു. ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയാണ് മാക്രോണ്‍.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ അദ്ദേഹം രാജസ്ഥാനിലെ ജന്തര്‍മന്തര്‍, ഹവ മഹല്‍, ആംബര്‍ ഫോര്‍ട്ട് തുടങ്ങിയവ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യ- ഫ്രാന്‍സ് നയതന്ത്ര ബന്ധം മെച്ചപ്പടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

പ്രതിരോധം, വാണിജ്യം, വ്യവസായം, ഊര്‍ജം, വിസ നടപടിക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയേക്കും. ജന്തര്‍ മന്തറില്‍ പ്രധാനമന്ത്രിയും ഇമ്മാനുവല്‍ മക്രോണും റോഡ്‌ഷോയിലും പങ്കെടുക്കുന്നുണ്ട്. അതിനുശേഷമായിരിക്കും ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ച നടക്കുക. കരകൗശല വിദഗ്ധര്‍, ഇന്‍ഡോ-ഫ്രഞ്ച് സാംസ്‌കാരിക പദ്ധതികളിലെ പങ്കാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി ഇരുനേതാക്കളും സംവദിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് മാക്രോണ്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോണ്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക