Categories: India

ജീവന്‍ രക്ഷാപദക് പുരസ്‌കാരങ്ങള്‍ 31 പേര്‍ക്ക്; സിആര്‍പിഎഫ് കമാന്‍ഡോ ആര്‍. സൂരജിന് സര്‍വോത്തം ജീവന്‍ രക്ഷാപദക്

ജസ്റ്റിന്‍ ജോര്‍ജിനും വില്‍സണും ജീവന്‍ രക്ഷാപദക്

Published by

ന്യൂദല്‍ഹി: ജീവന്‍ രക്ഷാപദക് പുരസ്‌കാരങ്ങള്‍ 31 പേര്‍ക്ക്. മൂന്നു പേര്‍ക്ക് സര്‍വോത്തം ജീവന്‍ രക്ഷാപദകും ഏഴ് പേര്‍ക്ക് ഉത്തം ജീവന്‍ രക്ഷാപദകും 21 പേര്‍ക്ക് ജീവന്‍ രക്ഷാപദകുമാണ് സമ്മാനിക്കുക. സിആര്‍പിഎഫ് കമാന്‍ഡോ കൊല്ലം ശൂരനാട് തെക്ക് സ്വദേശി ആര്‍. സൂരജ്, ആന്റണി വന്മാവിയ, മെലഡി ലാല്‍രേംരുതി (ഇരുവരും മിസോറാം) എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാപദക് സമ്മാനിക്കും.

ഛത്തീസ്ഗഢിലെ നക്‌സല്‍ബാധിത മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപറേഷന്‍ പൂര്‍ത്തിയാക്കി മടങ്ങു ന്നതിനിടെ മലവെള്ളപ്പാച്ചിലില്‍പെട്ട സഹപ്രവര്‍ത്തകനെ രക്ഷിക്കുന്നതിനിടെയാണ് സൂരജിന് ജീവന്‍ നഷ്ടമായത്. ശൂരനാട് സൗത്ത് ഇരുവിച്ചിറ കിഴക്ക് കോഴിക്കോടന്റയ്യത്തു തെക്കെപുര വീട്ടില്‍ പരേതനായ വി. രവീന്ദ്രന്‍-രാധാമണി ദമ്പതികളുടെ മകനാണ് സൂരജ്.

ഉത്തം ജീവന്‍ രക്ഷാപദകിന് സാഹില്‍ ബിസ്സോ ലാഡ്(ഗോവ), കാജല്‍ കുമാരി(ജാര്‍ഖണ്ഡ്), ഡി. നവീന്‍ കുമാര്‍(തെലങ്കാന), വിനോദ് കുമാര്‍(ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍), ഹവില്‍ദാര്‍ ഷേരാ റാം(പ്രതിരോധ മന്ത്രാലയം), മുകേഷ് കുമാര്‍ (ദേശീയ ദുരന്ത നിവാരണ സേന), നരേഷ് കുമാര്‍ (എന്‍ഐഎ)എന്നിവര്‍ അര്‍ഹരായി.

കേരളത്തില്‍ നിന്നുള്ള ജസ്റ്റിന്‍ ജോര്‍ജ്, വില്‍സണ്‍ എന്നിവ രുള്‍പ്പെടെ 21 പേര്‍ ജീവന്‍ രക്ഷാപദകിന് അര്‍ഹരായി. എം.എസ്. അനില്‍ കുമാര്‍(ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍), ജീതം പരമേശ്വര റാവു(ആന്ധ്രാപ്രദേശ്), സമര്‍ജിത് ബസുമതരി(അസം), സുധേഷ് കുമാര്‍(ചണ്ഡീഗഡ്), പത്മ തിന്‍ലാസ്, മുഹമ്മദ് അഫ്‌സല്‍(ഇരുവരും ലഡാക്ക്), ആദിക രാജാറാം പാട്ടീല്‍, പ്രിയങ്ക ഭാരത് കാലെ, സോണാലി സുനില്‍ ബലോഡെ(മൂന്നുപേരും മഹാരാഷ്‌ട്ര), എ. മരിയ മൈക്കിള്‍, എസ്. വിജയകുമാര്‍ (ഇരുവരും തമിഴ്‌നാട്), നരേഷ് ജോഷി (ഉത്തരാഖണ്ഡ്), അര്‍ജുന്‍ മാലിക് (ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍), അമിത് കുമാര്‍ സിങ്(ബിഎസ്എഫ്), ഷേര്‍ സിങ്, സോനു ശര്‍മ്മ(സിഐഎസ്എഫ്), അബ്ദുള്‍ ഹമീദ്, സുനില്‍ കുമാര്‍ മിശ്ര(ഇരുവരും പ്രതിരോധമന്ത്രാലയം), ശശികാന്ത് കുമാര്‍(റെയില്‍വേ മന്ത്രാലയം) എന്നിവരാണ് ജീവന്‍ രക്ഷാപദകിന് അര്‍ഹരായ മറ്റുള്ളവര്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക