അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ കഴിഞ്ഞതോടെ ഭാരതത്തിന്റെ സമൂഹിക അന്തരീക്ഷത്തില്‍ത്തന്നെ ശുഭകരമായൊരു മാറ്റം കൈവന്നുകഴിഞ്ഞു. അതു സമൂഹമനസ്സില്‍ വന്ന മാറ്റമാണ്. ജാതി, മത, രാഷ്ട്രീയ ഭേദങ്ങള്‍ക്കു മേലെ ഭാരതീയരായി ചിന്തിക്കാന്‍ രാമന് നമ്മേ പഠിപ്പിച്ചിരിക്കുന്നു. ‘രാമന് ഇല്ലേയില്ല’ എന്ന് പറഞ്ഞവരും ഇത് ‘എന്റെ രാമന്’ അല്ല, എന്ന് പറഞ്ഞവരും ‘ശ്രീരാമന് ഉണ്ട്’ എന്ന് സമ്മതിച്ചു കഴിഞ്ഞു. കാല് നൂറ്റാണ്ടു മുമ്പുവരെ ഉണ്ടായിരുന്ന രൂക്ഷമായ എതിര്‍പ്രചാരണങ്ങള്‍ ഇപ്പോഴുണ്ടായില്ല. രാമവിശ്വാസികളില് നൂറു ശതമാനവും രാമക്ഷേത്ര പക്ഷത്തായി. ചരിത്രത്തിലെ തെറ്റുതിരുത്തലും പുതു ചരിത്രയുഗചക്രത്തിന്റെ തുടക്കവുമായി മാറി, 2024 ജനുവരി 22. അയോദ്ധ്യയും രാമക്ഷേത്രവും സംബന്ധിച്ച് മാത്രമല്ല ഈ തീയതി: ആത്മ, അദ്ധ്യാത്മ വിശ്വാസത്തിന്റേയും സ്വത്വബോധത്തിന്റേയും നെറ്റിക്കുറി കൂടിയാണത്.
ശക്തമായ രാഷ്ട്രീയ ചായ്വ് ഉള്ളവയും സ്വന്തം താത്പര്യങ്ങള്‍ ഉള്ളവയും ഒഴിച്ച് എല്ലാ പത്രമാധ്യമങ്ങളും ഈ പൊതു ധാരയോടു ചേര്‍ന്നുതന്നെ നിന്നു. പ്രതിഷ്ഠാദിനത്തിനു പിറ്റേന്നത്തെ തലക്കെട്ടുകള്‍ തന്നെ ഇതു വിളിച്ചു പറയും. കേരളത്തില്‍, പ്രത്യേകിച്ച് മലയാളത്തില്‍, പ്രത്യക്ഷത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുവേണ്ടി നിലകൊള്ളാത്ത പത്രങ്ങളുടെ നിലപാട് ശ്രദ്ധേയമായി. ‘കേരള കൗമുദി’തലക്കെട്ടെഴുതിയത് ‘രാമഭാരതം’ എന്നാണ്. ചായ്വില്ലാത്ത നിലപാട്. തുടക്കത്തില്‍ ‘നസ്രാണി ദീപിക’ എന്നറിയപ്പെട്ടിരുന്ന ദീപിക ക്രിസ്ത്യന്‍ സഭകള്‍ പിന്തുണയ്ക്കുന്ന പത്രമാണ്. അവരുടെ തലക്കെട്ട് ‘ഭക്തി സാന്ദ്രം പ്രാണപ്രതിഷ്ഠ’ എന്നായിരുന്നു. വിശ്വാസികളുടെ വികാരത്തിന് പ്രാധാന്യം കൊടുക്കുക കൂടിയായിരുന്നു അവര്‍. ‘മംഗളം’ തലക്കെട്ടില്‍ പറഞ്ഞത് ‘ബാലരാമന് പ്രാണപ്രതിഷ്ഠ’ എന്നാണ്. മോദിയും ഡോ. മോഹന്‍ ഭാഗവതും ചേര്‍ന്ന് രാംലല്ലയ്ക്ക് പുഷ്പാര്‍ച്ചന ചെയ്യുന്ന ചിത്രവും ചേര്‍ത്തു.
‘മിഴി തുറന്ന് രാമന്’ എന്ന തലക്കെട്ടിലൂടെ ‘മെട്രോ വാര്‍ത്ത’ എല്ലാത്തരത്തിലും ശ്രദ്ധേയമായി. മികച്ച ചിത്രവും ചേര്‍ത്തു. ‘മലയാള മനോരമ’ പതിവുപോലെ കൗശലം കാട്ടി: ‘കണ്‍തുറന്ന് രാംലല്ല’ എന്ന് എഴുതി. ആര്‍എസ്എസ് സര് സംഘചാലക് മോഹന്‍ ഭാഗവതിനേയും മോദിയേയും ഒഴിവാക്കിയ രാംലല്ലാ ചിത്രവും ചേര്‍ത്തു. അസമിലെ ‘രാഹുല്‍ നാടക’വും മലപ്പുറത്ത് ക്ഷേത്രത്തിന് ഭൂമി നല്കിയ അബ്ദുള്‍ റസാഖിന്റെ വാര്‍ത്തയും ഒപ്പം ചേര്‍ത്തു. മാതൃഭൂമി ‘സമര്‍പ്പണം’ എന്ന തലക്കെട്ട് സമര്‍പ്പിച്ചു: ‘രാമ’നും ‘പ്രാണ’നും ‘പ്രതിഷ്ഠ’യും ‘ക്ഷേത്ര’വും ഇല്ലാതെ.
ഡിജിറ്റല്‍ മാദ്ധ്യമങ്ങളെ വിടുക. അവയുടെ റിപ്പോര്‍ട്ടര്‍മാരും അവതാരകരും എന്തു പറഞ്ഞാലും അവര്‍ പ്രേക്ഷകരെ അവിത്തെ ദൃശ്യങ്ങള്‍ എല്ലാം അതുപോലെ കാട്ടിക്കൊടുത്തുവല്ലോ. അച്ചടി മാദ്ധ്യമങ്ങളില്‍ ചിലതിന്റെ ‘ഹാലിള’ക്കം ആരോടൊക്കെയോ ഉള്ള അവരുടെ കടപ്പാടിന്റെ സങ്കടപ്പാടായി മാത്രം കണക്കാക്കാം. പൂര്‍ണമായും രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും മുഖപത്രങ്ങളായ മാദ്ധ്യമങ്ങള്‍ ഇങ്ങനെ ഒന്നാം പേജില്‍ വാര്‍ത്ത നിരത്തി. സിപിഐയുടെ ‘ജനയുഗം’ എഴുതി ‘മതേതരത്വത്തിന്റെ പ്രാണഹത്യ.’ സിപിഎം പത്രമായ ‘ദേശാഭിമാനി’ പതിവ് വഴിയില്‍: ‘വോട്ടു പ്രതിഷ്ഠ.’ തര്‍ക്കമന്ദിരത്തിന്റെ ചോരയൊലിപ്പിക്കുന്ന ചിത്രവും ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ‘വീക്ഷണം’ എഴുതി: ‘രാഷ്ട്രീയ രാമനെ പ്രതിഷ്ഠിച്ചു.
മുസ്ലിം ലീഗിന്റെ മുഖപത്രം ‘ചന്ദ്രിക’യുടെ ഒന്നാം പേജില്‍ രാമക്ഷേത്ര വാര്‍ത്ത ഒരുവരി പോലും ഇല്ലായിരുന്നു. പകരം, ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം പറഞ്ഞു. രാമക്ഷേത്ര വാര്‍ത്ത ഒരു വരിയും ഇല്ല!
‘ജമാ അത്തെ ഇസ്ലാമി’യുടെ ‘മാധ്യമം’ എഴുതിയത് ‘യുഗപ്പിറവിമോദി’ എന്നാണ്. പൊതു വിഷയങ്ങളില്‍ രാഷ്ട്രീയ നിലപാട് എടുക്കുന്നതിനും നിഗൂഢത പുലര്‍ത്തുന്നവരുടെ വ്യക്തമായ തന്ത്രം. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരര്‍ തകര്‍ത്തു കയറിയപ്പോള്‍ കണ്ട ‘വിസ്മയം’ ഉണ്ടായില്ല. സുപ്രഭാതം ‘ബാബറി മണ്ണില്‍ രാമവിഗ്രഹം പ്രതിഷ്ഠിച്ച് മോദി’ എന്നു തലക്കെട്ടെഴുതി. രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രത്തില്‍ വിലക്ക് എന്നതു പ്രധാന വാര്‍ത്തയാക്കി.
ഉത്തരവാദിത്തം കാട്ടേണ്ട സ്ഥാപനങ്ങളും സംഘടനകളും അവരുടെ മാദ്ധ്യമങ്ങളും നടത്തിയ വിമര്‍ശന പ്രലപനങ്ങള്‍ വാസ്തവത്തില്‍ സുപ്രീം കോടതിയോടുള്ള വെല്ലുവിളിയാണ്. ഇടയ്ക്കിടെ സുപ്രീം കോടതി, നീതി, നിയമം തുടങ്ങിയവയെക്കുറിച്ച് പ്രസംഗിക്കുന്നവര്‍, സുപ്രീം കോടതിയാണ് ക്ഷേത്ര നിര്‍മ്മാണം സര്‍ക്കാരിനെ ഏല്‍പ്പിച്ചതെന്ന് മറന്നു. കോടതി നിര്‍ദ്ദേശം നടപ്പാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ജനാധിപത്യത്തേയും ഭരണഘടനയേയും ജനവിശ്വാസത്തേയും വെല്ലുവിളിച്ചവരെ പക്ഷേ, വിശ്വാസികളും നിഷ്പക്ഷരും ശരിപക്ഷക്കാരും വ്യക്തമായി തിരിച്ചറിഞ്ഞുവെന്നതാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: