കൊച്ചി: വിദേശനാണയ വിനിമയച്ചട്ടം (എഫ്സിആര്‍എ) ലംഘിച്ച് 60 കോടിയുടെ ഹവാലപ്പണം വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ പ്രതികള്‍ ഇന്നലെ ഇ ഡിക്ക് മുന്നില്‍ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാനായിരുന്നു ഇ ഡിയുടെ സമന്‍സ്. ഹാജരാകാത്ത സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്തേക്കും.
മൂലന്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകളും മൂലന്‍സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍മാരുമായ സാജു, ജോസ്, ജോയി എന്നിവരാണ് ഹാജരാകാത്തത്.
വിദേശനാണയവിനിമയചട്ടംലംഘിച്ച്കേരളത്തില്നിന്ന് 60 കോടി ജിദ്ദയിലെ കമ്പനിയില്‍ നിക്ഷേപിച്ചെന്നാണ് മൂലന്‍സ് ഗ്രൂപ്പിനെതിരായ പരാതി. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഇത്രയും പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയതോടെയാണ് ഹവാലയായി പണം കടത്തിയെന്ന സംശയം ഉടലെടുത്തത്. ഇതിന് രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സാജു, ജോസ് എന്നിവരെ മൂന്നുതവണ ചോദ്യം ചെയ്ത എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ മൊഴി രേഖപ്പെടുത്തി.
സൗദി കൊമേഴ്സ് മന്ത്രാലയത്തിലെ രജിസ്റ്ററിലെ വിവരം അനുസരിച്ച് ജിദ്ദ കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് 2.70 കോടി സൗദി റിയാലാണ് പ്രവര്‍ത്തന മൂലധനമായി കണ്ടെത്തിയിരിക്കുന്നത്. അങ്കമാലിയില്‍ മൂലന്‍സ് ഇന്റര്‍നാഷണല്‍, മൂലന്‍സ് ഫാമിലി മാര്‍ട്ട് എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന ഇവര്‍ക്ക് വിദേശത്തും സൂപ്പര്‍മാര്‍ക്കറ്റുകളുള്‍പ്പെടെ ബിസിനസ് സ്ഥാപനങ്ങളുമുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇ ഡി കേസ് അന്വേഷണം തുടങ്ങിയത്.
ജനുവരി 18നാണ് കള്ളപ്പണം വെളുപ്പിക്കല്‍, ഫെമ ലംഘനം എന്നീ കുറ്റങ്ങള്‍ക്ക് സാജു, ജോസ്, ജോയി എന്നിവരെ പ്രതികളാക്കി കേസ് എടുത്തത്. 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചു. പക്ഷെ ഹാജരായില്ല. 24ന് വീണ്ടും നോട്ടീസ് അയച്ചു. പക്ഷെ അറസ്റ്റ് ഭയന്ന് ഹാജരായില്ല. ഹൈക്കോടതി ഉത്തരവു പ്രകാരം ഒന്‍പതു മാസം വിശദമായി അന്വേഷിച്ച ശേഷമാണ് ഇവരെ പ്രതികളാക്കി കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: