അയോദ്ധ്യ: രാമരാജ്യത്തിനായി എല്ലാവരും വ്രതമനുഷ്ഠിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രാണപ്രതിഷ്ഠയ്‌ക്കായി പ്രധാനമന്ത്രി അനുഷ്ഠിച്ച വ്രതം നമ്മുടെ മുന്നിലുണ്ട്. കഠിനവ്രതമെന്ന് സാധാരണ പറയുന്നതിലും തീവ്രമായിരുന്നു അത്. അദ്ദേഹത്തെ എനിക്ക് ചെറുപ്പത്തിലേ അറിയാം. അദ്ദേഹം ഒരു തപസ്വിയാണ്. എന്നാല്‍ രാഷ്‌ട്രത്തിന് വേണ്ടി അദ്ദേഹം മാത്രം തപസ് അനുഷ്ഠിച്ചാല്‍ മതിയോ? എല്ലാ ഭാരതീയരും തപസ് അനുഷ്ഠിക്കണം. രാമക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിശ്വഗുരു ഭാരതത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാകും, മോഹന്‍ ഭാഗവത് പറഞ്ഞു. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാചടങ്ങുകള്‍ക്ക് ശേഷം രാമഭക്തരെയും സംന്യാസി സമൂഹത്തെയും അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലേക്ക് രാംലല്ല മടങ്ങിയെത്തിയിരിക്കുന്നു. കലഹമുണ്ടായപ്പോള്‍, ലോകമെങ്ങും അശാന്തിയുണ്ടായപ്പോഴാണ് അദ്ദേഹം അയോദ്ധ്യവിട്ട് വനവാസത്തിന് പോയത്. പതിനാല് വര്‍ഷത്തിന് ശേഷം അയോദ്ധ്യയുടെ മാത്രമല്ല, ലോകത്തിന്റെയാകെ കലഹം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയെത്തി. ഇന്ന് വീണ്ടും അഞ്ഞൂറ് വര്‍ഷത്തിന് ശേഷം രാംലല്ല അയോദ്ധ്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇതൊരു സുവര്‍ണ ദിവസമാണ്. ഈ സുവര്‍ണദിനം അനേകം തലമുറകളുടെ ചോരയില്‍ പിറന്നതാണ്. പോരാട്ടങ്ങളും ബലിദാനങ്ങളും വലിയ തപസും ഇതിന് വേണ്ടിയുണ്ടായി. അവരോട് കൃതജ്ഞതാഭരിതമാകണം മനസ്. കോടികോടി തവണ അവരെ നമസ്‌കരിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.
രാമരാജ്യമെന്നത് കലഹങ്ങളില്ലാത്ത, ഭിന്നതകളില്ലാത്ത, ധര്‍മ്മനിരതമായ രാജ്യമാണ്. അതിന് ഒരാളുടെ വ്രതം പോ
ര, എല്ലാവരും വ്രതമാചരിക്കണം. ഭാഗവതം നിര്‍ദേശിക്കുന്ന സത്യം, കരുണ, ശുചിത, തപസ് എന്നിവയെ യുഗാനുകൂലമായി ആചരിക്കണം. സത്യം എന്നത് രാമനാണ്, ധര്‍മ്മമാണ്. എല്ലാവരിലും രാമനുണ്ടെന്ന ബോധമാണ്. ആ ബോധത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ഒരുമയുള്ളവരാകണം. കരുണയെന്നാല്‍ സേവയാണ്. ദുഃഖിതരുടെ അടുത്തേക്ക് നമുക്ക് ഓടിയെത്താന്‍ കഴിയണം. ശുചിത പവിത്രതയാണ്. ധാരാളിത്തം ഒഴിവാക്കി സമാജത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയണം. ആവശ്യമുള്ളത് മാത്രം എടുത്തിട്ട് മറ്റുള്ളത് സമാജത്തിന് നല്കാന്‍ കഴിയണം. ലോകവിഭവങ്ങള്‍ ആവശ്യത്തിനുള്ളതാണ്, ആര്‍ത്തിക്ക് വേണ്ടിയുള്ളതല്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഈ ഭൂമി എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന ബോധം നമ്മെ നയിക്കണം. കുടുംബത്തിലും ഓരോ വ്യക്തിയിലും സമാജിക അനുശാസനം, പൗരബോധം ദൃഢമാകണം. തപസിന്റെ മികവുറ്റ ഉദാഹരണം പ്രധാനമന്ത്രിയുടെ രൂപത്തില്‍ നമുക്ക് മുന്നിലുണ്ട്. വ്യക്തിഗതമായി മാത്രമല്ല, സാമാജികമായും തപസ് അനുഷ്ഠിക്കാന്‍ കഴിയണം. ഒരേ മനസോടെ മുന്നോട്ടുപോകാനുള്ള ഭാവം അതിലൂടെ സൃഷ്ടിക്കാന്‍ കഴിയും.
ഏത് ധര്‍മ്മത്തിന്റെ സ്ഥാപനത്തിനാണോ രാമന്‍ അവതരിച്ചത് അതേ ധര്‍മ്മത്തിന്റെ പുനഃസ്ഥാപനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യം ഉദിച്ചിരിക്കുന്നു. രാംലല്ല വീണ്ടും എത്തിയത് ആ ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള പ്രേരണ പകരാനാണ്, ഉത്സാഹം നല്കാനാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക