ഭാരതത്തിന്റെ ചരിത്രത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതെല്ലാം ഇപ്പോള്‍ നീങ്ങിയിരിക്കുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച ബാലകരാമന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി ഉഴിഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു യുഗം പിറന്നിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 496 വര്‍ഷത്തിനുശേഷം സ്വന്തം വാസസ്ഥാനത്തേക്ക് രാലല്ല തിരിച്ചെത്തിയതോടെ രാജ്യമെമ്പാടുമുള്ള കോടിക്കണക്കിന് ഭക്തരും ദേശാഭിമാനികളും ആഹ്ലാദത്തിന്റെ പരകോടിയിലാണ്. പതിറ്റാണ്ടുകളായി മുഴങ്ങിയിരുന്ന ജയ് ശ്രീരാം എന്ന മന്ത്രഘോഷം അയോദ്ധ്യയില്‍ ഇന്നലെ ഇടിമുഴക്കമായി മാറുകയായിരുന്നു. ‘രാംലല്ല ഹം ആയേംഗെ മന്ദിര്‍ വഹിം ബെനായേംഗെ’ എന്ന ഹൈന്ദവജനതയുടെ പ്രവചനം സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
പ്രഭുവായ രാമചന്ദ്രന്റെ മടങ്ങിവരവ് ആഘോഷിക്കുമ്പോള്‍ ഇങ്ങനെയൊരു മുഹൂര്‍ത്തം യാഥാര്‍ത്ഥ്യമാക്കാന്‍ നടന്ന നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടം ഓരോരുത്തരുടെയും മനോമുകുരത്തില്‍ ഉദിക്കാതിരിക്കില്ല. പ്രാണപ്രതിഷ്ഠാ ചടങ്ങിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരങ്ങളെ സാക്ഷിനിര്‍ത്തി നടത്തിയ ആവേശദായകമായ പ്രസംഗത്തില്‍ ഇക്കാര്യം എടുത്തുപറയുകയുണ്ടായി. നൂറ്റാണ്ടുകളുടെ അഭൂതപൂര്‍വ ക്ഷമയ്‌ക്കും എണ്ണമറ്റ ബലിദാനങ്ങള്‍ക്കും പരിത്യാഗങ്ങള്‍ക്കും പ്രായശ്ചിത്തത്തിനും ശേഷം നമ്മുടെ ശ്രീരാമചന്ദ്രന്‍ അയോദ്ധ്യയിലേക്ക് മടങ്ങിവന്നിരിക്കുന്നു എന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇങ്ങനെ പറയാനുള്ള ധൈര്യം രാജ്യം ഭരിച്ച മറ്റൊരു ഭരണാധികാരിക്കും ഉണ്ടാവില്ല.
ഭാരതവും ലോകവും സാക്ഷ്യം വഹിച്ചത് അധര്‍മ്മത്തിനുമേല്‍ ധര്‍മ്മവും മതമൗലികവാദത്തിനുമേല്‍ ബഹുസ്വരതയും വിജയംവരിച്ച മുഹൂര്‍ത്തത്തിനാണ്. സ്വാതന്ത്ര്യത്തിനും സഹിഷ്ണുതയ്‌ക്കും വൈവിധ്യത്തിനും വേണ്ടി എക്കാലവും നിലകൊണ്ടിട്ടുള്ള ഭാരത സംസ്‌കാരത്തിന്റെ പ്രതിരൂപമാണ് രാമന്‍. അതുകൊണ്ടുതന്നെ രാമന്റെ മടങ്ങിവരവ് സമുദായമൈത്രിയും സാമ്പത്തിക നീതിയും രാഷ്‌ട്രീയ സ്വാതന്ത്ര്യവും പുലരുന്ന രാമരാജ്യത്തിലേക്കുള്ള പ്രവേശം കൂടിയാണ്. അതോടൊപ്പം രാംലല്ലയുടെ ഈ മടങ്ങിവരവ് തങ്ങളുടെ പുണ്യഭൂമി കവര്‍ന്നെടുത്ത മതഭ്രാന്തന്മാരില്‍നിന്ന് അത് തിരിച്ചുപിടിക്കാന്‍ സ്വന്തം ജീവനുള്‍പ്പെടെ എല്ലാം ബലികഴിച്ച ആദര്‍ശധീരന്മാരായ കര്‍സേവകരുള്‍പ്പെടെ ആയിരക്കണക്കിന് രാമഭക്തര്‍ക്കുള്ള ആദരവ് കൂടിയാണ്.
അയോദ്ധ്യയിലെ രാമജന്മഭൂമിയെപ്പോലെ കൃഷ്ണ ജന്മഭൂമിയിലും സാക്ഷാല്‍ പരമശിവന്റെ ഇരിപ്പിടമായ കാശിയിലുമുള്‍പ്പെടെ നൂറുകണക്കിന് പവിത്രസങ്കേതങ്ങളില്‍ ഇസ്ലാമിക മതമൗലികവാദം അഴിഞ്ഞാടിയിട്ടുണ്ട്. ഇതിന്റെ അപമാനകരവും വേദനാജനകവുമായ നേര്‍ക്കാഴ്ചകള്‍ ഇന്നും ദൃശ്യമാണ്. മതഭ്രാന്ത് മാത്രം കൈമുതലാക്കി ഈ വിശുദ്ധ ഭൂമിയിലേക്ക് കടന്നുവന്ന ഭരണാധികാരികള്‍ ആരാധനാ വൈവിധ്യം വച്ചുപുലര്‍ത്തിയ ഒരു ജനവിഭാഗത്തെ എങ്ങനെയൊക്കെയാണ് പീഡിപ്പിച്ചതും കൊലചെയ്തതുമെന്നും ആകാശംമുട്ടെ ഉയര്‍ന്നിരുന്ന അവരുടെ പുണ്യക്ഷേത്രങ്ങള്‍ എങ്ങനെയൊക്കെയാണ് കൊള്ളയടിച്ചതെന്നുമുള്ള ചരിത്രം ഇപ്പോള്‍ വ്യക്തമാണ്. തമസ്‌കരിക്കാന്‍ ശ്രമിച്ച ഈ അപ്രിയസത്യങ്ങള്‍ കൂടുതല്‍ പുറത്തുവരികയുമാണ്.
അയോദ്ധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നതോടെ പ്രഭുവായ ശ്രീരാമചന്ദ്രന്‍ നമ്മോടു ക്ഷമിച്ചിരിക്കുന്നുവെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ അര്‍ത്ഥപൂര്‍ണമാണ്. പുണ്യഭൂമിയായ അയോദ്ധ്യയുടെ വീണ്ടെടുക്കലും അവിടെ രാമക്ഷേത്രം ഉയര്‍ന്നതും സ്വതന്ത്രഭാരത ചരിത്രത്തിലെ ചില അവിസ്മരണീയമായ ചിത്രങ്ങള്‍ ദേശാഭിമാനികളുടെ മനസിലേക്ക് കൊണ്ടുവരുന്നുണ്ട്. ഒന്നിലധികം ഇസ്ലാമിക കടന്നാക്രമണകാരികള്‍ നിരവധി തവണ തച്ചുതകര്‍ത്ത സോമനാഥിലെ ശിവക്ഷേത്രം സ്വതന്ത്രഭാരതത്തിലെ ഉരുക്കുമനുഷ്യനായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ചപ്പോള്‍ അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ അന്നത്തെ രാഷ്‌ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദിന് വിലക്കുകല്‍പ്പിക്കുകയായിരുന്നുവല്ലോ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു.
ദേശാഭിമാനിയായ രാജേന്ദ്ര പ്രസാദ് ഈ വിലക്കിന് വിലകല്‍പ്പിച്ചില്ലെന്നത് മറ്റൊരു കാര്യം. എന്നാല്‍ അയോദ്ധ്യയിലെ രാമക്ഷേത്രം ലോകത്തിനു സമര്‍പ്പിക്കാന്‍ രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി തന്നെ തയാറായി എന്നത് കാലത്തിന്റെ കാതലായ മാറ്റത്തെ കുറിക്കുന്നു. ഈ ഭരണാധികാരി രാമരാജ്യത്തിന്റെ വക്താവായ മഹാത്മജിയുടെയും ഐക്യഭാരതത്തെ പടുത്തുയര്‍ത്തിയ പട്ടേലിന്റെയും നാട്ടുകാരനാണെന്നത് ചരിത്രത്തിന്റെ ഒരു കാവ്യനീതിയായി കണക്കാക്കാം. സോമനാഥക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തെ എതിര്‍ത്ത പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിനും എതിരുനിന്നത്. ചരിത്രത്തിന്റെ തിരിച്ചടിയേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട ഈ രാഷ്‌ട്രീയ കക്ഷി ഇന്ന് രാഷ്‌ട്രത്തിന്റെ വിശാലഭൂഭാഗങ്ങളില്‍നിന്ന് തുടച്ചുനീക്കപ്പെടുകയുമാണ്. ഇതിനെക്കാള്‍ മധുരമായ മറുപടി മറ്റെന്തുണ്ട്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: