അയോദ്ധ്യയിലെ എഴുപത് ഏക്കര്‍ വിസ്തൃതിയിലുള്ള ക്ഷേത്ര സങ്കേതത്തിലാണ് ഭവ്യമായ രാമക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. സ്ഥലത്തിന്റെ എഴുപത് ശതമാനവും ഹരിതാഭമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൃക്ഷങ്ങളും അതിലുണ്ട്. 141 അടി ഉയരമാണ് ക്ഷേത്രത്തിനുള്ളത്. സരയുവിന്റെ തീരത്ത് ഒരു തീര്‍ത്ഥാടന കേന്ദ്രത്തിനുവേണ്ടതായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
രാംലല്ലയാണ് പുതിയ പ്രതിഷ്ഠയെങ്കിലും സൂര്യദേവന്, ഭഗവതി, ഗണപതി, ശിവന് എന്നീ ദേവതകളെയും ആരാധിക്കാം. വടക്കുദിക്കില്‍ അന്നപൂര്‍ണ ദേവിയും തെക്കുഭാഗത്ത് ഹനുമാനുമുണ്ട്. ക്ഷേത്ര നിര്‍മാണത്തോടൊപ്പം തന്നെ അതില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തിന്റെ നിര്‍മാണവും ആരംഭിച്ചിരുന്നു. മൂന്നുപേരെയാണ് ഇത് ഏല്‍പ്പിച്ചത്. ഇവര്‍ നിര്‍മിക്കുന്നതില്‍ ഏറ്റവും നല്ല വിഗ്രഹം തെരഞ്ഞെടുക്കുക എന്നതായിരുന്നു ധാരണ. ഇതുപ്രകാരം കര്‍ണാടകയില്‍ പാരമ്പര്യ ശില്‍പ്പി കുടുംബത്തിലെ യോഗിരാജ് നിര്‍മിച്ച രാംലല്ലയാണ് തെരഞ്ഞെടുത്തത്.
ഏഴ് ദിവസം മുന്‍പ് ആരംഭിച്ച പ്രതിഷ്ഠാ ചടങ്ങുകള്‍ അവസാനിക്കുന്നത് ഇന്നാണ്. നിശാന്‍ യാത്ര എന്ന പേരിലുള്ള ശോഭായാത്രയോടെ വിഗ്രഹം ക്ഷേത്രത്തിലേക്ക് കൊണ്ടുവരും. സരയൂവിലെ പുണ്യ ജലത്താല്‍ ശ്രീകോവിലില്‍ അഭിഷേകം നടത്തിയ ശേഷം വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തും. സംന്യാസിമാര്‍, ശങ്കരാചാര്യന്മാര്, മതാചാര്യന്മാര് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ആയിരക്കണക്കിന് ഭക്തരുടെ അകമ്പടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേത്രോന്മീലനം നടത്തും. ഇതോടെ അയോദ്ധ്യയിലെ ബാലകരാമനെ ജനകോടികള്‍ വീണ്ടും ആരാധിക്കാന്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: