മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ പാണക്കാട് മുഈനലി തങ്ങൾക്ക് വധഭീഷണിയെന്ന് പരാതി. പാർട്ടി നേതാക്കളെ വെല്ലുവിളിച്ച് മുന്നോട്ട് പോയാൽ വീൽചെയറിലാകുമെന്നാണ് ഭീഷണി. ഫോണിൽ വിളിച്ചായിരുന്നു ഭീഷണിപ്പെടുത്തൽ. ഭീഷണിപ്പെടുത്തി വിളിച്ചത് റാഫി പുതിയകടവാണെന്ന് മുഈനലി തങ്ങൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഫോൺ സന്ദേശം അടക്കം പോലീസിന് കൈമാറിയിട്ടുണ്ട്. റാഫിയെ തനിക്ക് നേരത്തേ പരിചയമുണ്ടെന്നും പലവട്ടം തന്നെ ഫോണിൽ വിളിച്ചിട്ടുണ്ടെന്നും മുഈനലി തങ്ങൾ പറയുന്നു. പരാതിയിൽ പോലീസ് റാഫിക്കെതിരെ കേസെടുത്തു. കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
പാണക്കാട് കുടുംബത്തിന്റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിൽ കഴിഞ്ഞ ദിവസം മുഈനലി തങ്ങള്‍ പരോക്ഷ മറുപടി നൽകിയിരുന്നു. ആരുമിവിടെ കൊമ്പുവെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലാണ്. പ്രായമാവുന്നതിന് അനുസരിച്ച് കാഴ്‌ച്ചയ്‌ക്ക് മങ്ങല്‍ വരുമെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. അതൊക്കെ ചികിത്സിച്ചാല്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് വധഭീഷണി പരാതി.
നേരത്തെ മുഈനലി തങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ബഹളം ഉണ്ടാക്കിയ ആളാണ് റാഫി പുതിയകടവ്. ഇതിന് പിന്നാലെ റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യവിഷൻ ആക്രമണക്കേസിലും പ്രതിയാണ് റാഫി പുതിയകടവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: