ന്യൂദല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ ആഘോഷമാക്കാന്‍ ലോകരാജ്യങ്ങള്‍ തയാറെടുക്കുന്നു. 55 രാജ്യങ്ങളില്‍ നിന്നുള്ള ഭാരതീയവംശജര് അയോദ്ധ്യയിലെത്തും. അമേരിക്കയിലെ 1200 ക്ഷേത്രങ്ങളിലും പ്രാണപ്രതിഷ്ഠ തത്സമയം കാണിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ അദ്ധ്യക്ഷന്‍ ഡോ. ജയ് ബന്‍സാല്‍ അറിയിച്ചു.
എല്ലാ വീടുകളിലും ദീപങ്ങള്‍ തെളിയിക്കും. രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എണ്ണൂറിലേറെ ക്ഷേത്രങ്ങള്‍ ഇതുവരെ ആഘോഷപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തോട് പങ്കുവയ്ക്കും. ചിക്കാഗോ, സാന്‍ ഫ്രാന്‍സിസ്കോ, ഹൂസ്റ്റണ്‍ നഗരങ്ങളില്‍ കാര്‍ റാലികളും സംഘടിപ്പിച്ചു.
ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ വലിയ ഉത്സവ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ഉക്രൈനിലെ കീവിലുള്ള ഇസ്കോണ്‍ മന്ദിറില്‍ സംപ്രേഷണം ചെയ്യും.
ന്യൂസിലന്‍ഡിലെ റോട്ടോറുവയിലുള്ള ഹിന്ദു ഹെറിറ്റേജ് സെന്റര്‍, ഹിന്ദു ഓര്‍ഗനൈസേഷന്‍സ്, ടെംപിള്‍സ് ആന്‍ഡ് അസോസിയേഷന്‍സ് ഫോറവുമായി സഹകരിച്ച്, പ്രാണ്‍ സമൂഹ പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിക്കും. 22ന് ന്യൂസിലന്‍ഡ് സമയം വൈകിട്ട് 6:30നും 8:30നും ഇടയിലാണിത്. ഭജനകള്‍, കീര്‍ത്തനങ്ങള്‍, ആരതികള്‍ കൂടാതെ ‘ശ്രീറാം ജയ് റാം ജയ് ജയ് റാം’ എന്ന് 108 തവണ ജപിക്കും. ഹനുമാന് ചാലിസ പാരായണവും നടക്കും.
ക്വാലാലംപൂരിലെ സ്പൈസ് ഗാര്ഡന് ബാങ്ക്വറ്റ് ഹാളില്‍ വൈകിട്ട് അഞ്ചിന് ആഘോഷം നടക്കുമെന്ന് മുഖ്യസംഘാടകനായ പ്രദീപ് ബത്ര പറഞ്ഞു. ഹനുമാന് ചാലിസ പാരായണവും പ്രസാദ വിതരണവും സംഘടിപ്പിക്കും. നൈജീരിയയിലെ ലാഗോസില്‍ ക്ഷേത്രങ്ങളിലും ഗീതാശ്രമത്തിലുമായാണ് പരിപാടികള്‍. സുന്ദരകാണ്ഡപാരായണം നടത്തും. കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍ ലാഗോസിലെ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
നൈജീരിയന്‍ സംസ്ഥാനങ്ങളായ അബുജ, കാനോ എന്നിവിടങ്ങളില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. മൊസാംബിക്കിലെ ശ്രീരാമക്ഷേത്രങ്ങള്‍ കേന്ദ്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും. ഇല്‍ഹ ഡി മൊസാംബിക്കിലെ മാപുട്ടോ, സലാമംഗ, സൈക്സായ്, മാക്സിക്സെ, ഇന്ഹാംബേന്, ബെയ്റ, ടെറ്റെ, ക്വിലിമാന്, നമ്പുല എന്നിവിടങ്ങളിലും പ്രാ
ണപ്രതിഷ്ഠാ തത്സമയം സംപ്രേഷണം ചെയ്യും.
ജലറാം മന്ദിറിലും ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലും തത്സമയ സംപ്രേഷണം സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ താമസിക്കുന്ന പിയൂഷ് ലളിത്കുമാര്‍ സത്പാര പറഞ്ഞു. പെര്‍ത്തില്‍ മാത്രം ആയിരം ഭക്തര്‍ ആഘോഷത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്രിസ്ബേന്‍, മെല്‍ബണ്‍, സിഡ്നി, അഡ്ലെയ്ഡ് എന്നിവിടങ്ങളിലുംആഘോഷം സംഘടിപ്പിക്കുന്നുണ്ട്.
ജര്‍മ്മനിയില്‍ എച്ച്എസ്എസും വിഎച്ച്പിയും ചേര്‍ന്നാണ് പരിപാടികള്‍ ഏകോപിപ്പിക്കുന്നത്. രാജ്യത്തെ ഒരു ലക്ഷത്തോളം ഹിന്ദുക്കളെയും പരിപാടിയില്‍ പങ്കെടുപ്പിക്കും. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ പ്രബലമായ 25 ഹിന്ദുസംഘടനകള്‍ പരിപാടിക്ക് ചുക്കാന്‍ പിടിക്കും. ഗോത്രവര്ഗസമൂഹമടക്കമുള്പ്പെടെ പരിപാടികളില്‍ പങ്കെടുക്കും. പോര്‍ച്ചുഗലിലെ പോര്‍ട്ടോ, ബ്ലാന്ടയര്, ലിലോങ്വെ, മസൂസു തുടങ്ങിയ നഗരങ്ങളില്‍ ഒരാഴ്ചയായി രാമായണോത്സവം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: