അയോദ്ധ്യ : ഒൻപത് ദിവസത്തിനുള്ളിൽ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തിയത് ഒരു കോടി ഭക്തർ . ജനുവരി 26 മുതൽ ഫെബ്രുവരി മൂന്ന് വരെ എത്തിയ ഭക്തരുടെ കണക്കാണ് പുറത്ത് വന്നത് . തിങ്കളാഴ്ച ബസന്ത് പഞ്ചമി ദിനത്തിൽ മാത്രം ലക്ഷക്കണക്കിന് ഭക്തർ കുളിച്ച് ആരാധന നടത്തി.
അയോദ്ധ്യയിൽ മഹാക്ഷേത്രം ഉയർന്ന ശേഷം ആദ്യമായാണ് പ്രയാഗ്‌രാജിൽ മഹാകുംഭമേള സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ മഹാകുംഭമേളക്കെത്തുന്ന ഭക്തരും അയോധ്യയിലെത്തുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. ഇത് കണക്കിലെടുത്ത് അയോധ്യയിലെ ക്രമീകരണങ്ങൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക സംഘത്തെ വിന്യസിച്ചിരുന്നു. ഒരു ഭക്തനും പ്രശ്നമുണ്ടാകരുതെന്ന് കർശന നിർദേശം നൽകി. ഫെബ്രുവരി രണ്ടിന് മിൽകിപൂരിൽ നടന്ന പൊതുയോഗത്തിന് ശേഷവും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
രാമക്ഷേത്രത്തിലും ഹനുമാൻഗർഹിയിലും വൈകുന്നേരം വരെ ദർശനത്തിനായി ഭക്തരുടെ നിരന്തര പ്രവാഹമായിരുന്നു.പ്രതിദിനം മൂന്ന് ലക്ഷത്തോളം ഭക്തരാണ് ഇപ്പോൾ എത്തുന്നത്. ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: