2019 എന്ന വര്‍ഷം ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ അഭിമാനത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചു. അനവധി നൂറ്റാണ്ടുകള്‍ തര്‍ക്കമന്ദിരമായി തുടര്‍ന്ന അയോദ്ധ്യയിലെ രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കിക്കൊണ്ട് സുപ്രീംകോടതി ഐതിഹാസികമായ വിധി പറഞ്ഞു. രാംലല്ലയെ നിയമപരമായി അധികാരമുള്ള വ്യക്തിയായി കണ്ടുകൊണ്ട് 2.77 ഏക്കര്‍ സ്ഥലം ക്ഷേത്രത്തിന് വിട്ടുനല്‍കുന്നതായിരുന്നു ഈ വിധി. മൂന്നുമാസത്തിനകം ട്രസ്റ്റ് രൂപീകരിച്ച് ഈ സ്ഥലം ക്ഷേത്ര നിര്‍മാണത്തിന് കൈമാറണമെന്നായിരുന്നു ചരിത്രപരമായ വിധിപ്രഖ്യാപനം. ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
രാമക്ഷേത്ര നിര്‍മാണത്തിനുള്ള എല്ലാ തടസങ്ങളും നീക്കിയ പരമോന്നത നീതിപീഠം പള്ളി പണിയുന്നതിന് ഉചിതമായ സ്ഥലത്ത് അഞ്ച് ഏക്കര്‍ അനുവദിക്കണമന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും നിര്‍ദേശിച്ചു. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കണമെന്നും ബാബറി മസ്ജിദ് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാമെന്നും ഹൈന്ദവ സംഘടനകളും ബിജെപി സര്‍ക്കാരുകളും പലതവണ വ്യക്തമാക്കിയിട്ടുള്ളതായിരുന്നു. എന്നാല്‍ ഹിന്ദു-മുസ്ലിം തര്‍ക്കം നിലനിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിന് ആഗ്രഹിച്ചവര്‍ക്ക് ഇത് സ്വീകാര്യമായില്ല. ഇതേ നിര്‍ദേശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയായിരുന്നു. ഭാരതത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും അംഗീകരിക്കുന്ന ഈ വിധി പുതിയൊരു യുഗത്തിന് തുടക്കംകുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: