Categories: India

യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി, ഡോളറിന് പകരം ഇന്ത്യന്‍ രൂപ സ്വീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്‌

Published by

യുഎഇയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി, ഡോളറിന് പകരം ഇന്ത്യന്‍ രൂപ സ്വീകരിച്ചു തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള രത്‌നങ്ങളും ആഭരണങ്ങളും വാങ്ങുന്നതിന് യുഎഇയും ഇന്ത്യന്‍ രൂപ നല്‍കുന്നതായി പേര് വെളിപ്പെടുത്താത്ത മുതിര്‍ന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജൂലൈയിലാണ് ഇന്ത്യയും യുഎഇയും ഉഭയക്ഷി വ്യാപാരം പ്രാദേശിക കറന്‍സികളില്‍ നടത്താന്‍ ധാരണയിലെത്തിയത്. ഇതു സംബന്ധിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഡോളറിന്റെ അപ്രമാദിത്തം തടയുന്നതിനും രൂപയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇന്ത്യ സുപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്. ഡോളറിന്റെ മൂല്യം, ആഗോള സാമ്പത്തിക മാന്ദ്യം പോലുള്ളവ ഇന്ത്യയുടെ ഇടപാടുകളെ ബാധിക്കുന്നത് കുറയ്‌ക്കാനും ഇതിലൂടെ സാധിക്കും.

നിലവില്‍ യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനു പുറമേ മറ്റ് ചരക്കുകള്‍ക്കും ഇന്ത്യ ദേശീയ കറന്‍സിയായ ഇന്ത്യന്‍ രൂപയില്‍ പണം നല്‍കുന്നു. 2023 ഡിസംബറില്‍ ഇന്ത്യ ആദ്യമായി രൂപ നല്‍കി യുഎഇയില്‍ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു.

2022 ജൂലൈയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇറക്കുമതിക്കാര്‍ക്ക് രൂപയിലും കയറ്റുമതിക്കാര്‍ക്ക് പ്രാദേശിക കറന്‍സിയിലും പേയ്‌മെന്റുകള്‍ നടത്തുന്നതിന് അനുമതി നല്‍കിയിരുന്നു.

യുഎഇയുടെ എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളുടെ ഭാഗമായി ഇന്ത്യയില്‍ 5000 കോടി ഡോളറിന്റെ നിക്ഷേപം നടത്താനുള്ള പദ്ധതിയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ യുഎഇയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലും മോദിയും ഷെയ്ഖ് മുഹമ്മദ് ചര്‍ച്ചകള്‍ നടന്നിരുന്നു. ഗുജറാത്ത് വൈബ്രന്റ് ഉച്ചകോടിയില്‍ ഷെയ്ഖ് മുഹമ്മദ് സംബന്ധിച്ചിരുന്നു. യുഎഇയില്‍ ആദ്യമായി നിര്‍മ്മിച്ച പുരാതന ശിലാക്ഷേത്രമായ ബാപ്‌സ് മന്ദിര്‍ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 14ന് സന്ദര്‍ശിക്കുന്നുണ്ട്.

ഓരോ കൂടിക്കാഴ്ചയിലും ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ പരസ്പര വിശ്വാസം വളര്‍ത്തുന്നതിനും സുപ്രധാന വ്യാപാര സാമ്പത്തിക സഹകരണ കരാറുകളില്‍ ഒപ്പിടുന്നതും സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായ ശേഷം ആറു തവണയെങ്കിലും മോദി, ഷെയ്ഖ് മുഹമ്മദുമായി കൂടികാഴ്ച നടത്തിയുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by