രാമകഥയെ മലയാളത്തിന് പരിചയപ്പെടുത്തിയതില്‍ കണ്ണശ്ശന്മാരെന്ന് അറിയപ്പെട്ട നിരണം കവികളുടെ പങ്ക് വലുതാണ്. ഉപാസനാ മൂര്‍ത്തിയായ തൃക്കപാലേശ്വരനും കണ്ണശപ്പറമ്പും ത്രേതായുഗ പുണ്യത്തിന്റെ മാറ്റൊലിയില്‍ അടയാളപ്പെടുത്തുന്നു. എഴുത്തച്ഛന് മുമ്പാണ് കാലം.
പതിനഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്ന നിരണം കവികളില്‍ രാമപ്പണിക്കരുടെ രചനയാണ് കണ്ണശ്ശരാമായണം. ശ്രീരാമനെ രണയോദ്ധാവായാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. പാട്ടുപ്രസ്ഥാനത്തില്‍ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളില്‍ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമര്‍പ്പിച്ചത്.
മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര് എന്നിവരെ ചേര്‍ത്താണ് കണ്ണശ്ശ കവികളെന്നും നിരണം കവികളെന്നും പറയുന്നത്. മാധവപ്പണിക്കരുടെ ഭാഷാ ഭഗവദ്ഗീതയും ശങ്കരപ്പണിക്കരുടെ ഭാരതമാലയും പ്രസിദ്ധമാണ്. രാമായണത്തിന് പുറമേ ശിവരാത്രി മാഹാത്മ്യം, ഭാഗവതം, ഭാരതം എന്നിവയും രാമപ്പണിക്കര് രചിച്ചിട്ടുണ്ട്.
നളന്ദ, തക്ഷശില മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന നിരണത്തുശാല ചരിത്രാന്വേഷികള്‍ക്ക് അത്ഭുതമാണ്. തൃക്കപാലീശ്വരം ക്ഷേത്രവളപ്പും സമീപപ്രദേശങ്ങളിലുമായിരുന്നു സര്‍വകലാശാലയുടെ പ്രവര്‍ത്തനം. സമീപത്തെ ചാല മഹാദേവര്‍ ക്ഷേത്രത്തിന്റെ തെക്കുവശത്തായിരുന്നു പ്രധാന കെട്ടിടങ്ങള്‍. 2000ലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന തൃക്കപാലീശ്വരം ക്ഷേത്രത്തിനുമുണ്ട് ചരിത്രത്തില്‍ അവഗണിക്കാനാവാത്ത സ്ഥാനം.
നിരണം കവികളുടെ സ്മരണാര്‍ഥം തൃക്കപാലീശ്വര ക്ഷേത്രത്തിനു സമീപം കണ്ണശ്ശ സ്മാരക ട്രസ്റ്റ് ഓഫിസും സ്മാരകവും കടപ്രയില്‍ കണ്ണശ്ശ സ്മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളുമുണ്ട്. ഇവയല്ലാതെ കണ്ണശ്ശന്മാരെ എന്നുമോര്ത്തിരിക്കാനുതകുന്ന സ്മാരകങ്ങളൊന്നും നിരണത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: