ന്യൂദല്‍ഹി: രണ്ട് മാസത്തിനുള്ളില്‍, 15 കോടിയിലധികം ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തോടെ ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ രാജ്യത്തിന്റെ മനംകവര്‍ന്നു. ഏവരെയും ഉള്‍ക്കൊള്ളുന്നതും, അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഇന്ത്യയിലേക്കുള്ള ഏകീകൃത പാത രൂപപ്പെടുത്തുന്നതിനുള്ള യാത്രയുടെ സ്വാധീനത്തെക്കുറിച്ച് ഈ മഹത്തായ ജനപങ്കാളിത്തം ഒരുപാട് കാര്യങ്ങള്‍ വ്യക്തമാക്കുന്നു.
രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ 100% നടപ്പാക്കല്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന സംരംഭമാണ് ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പ്രചാരണം ആരംഭിച്ചശേഷം ജനങ്ങളുടെ പങ്കാളിത്തത്തില്‍ ഗണ്യമായ വര്‍ധനവാണുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
2023 ഡിസംബര്‍ 13ന് നാലാമത്തെ ആഴ്ചയുടെ അവസാനത്തില്‍ യാത്ര 2.06 കോടി പേരിലേക്ക് എത്തിയപ്പോള്‍, 2023 ഡിസംബര്‍ 22ന് അഞ്ചാം ആഴ്ചയുടെ അവസാനത്തില്‍ അത് അഞ്ചു കോടിയായി ഉയര്‍ന്നു. അടുത്ത നാലാഴ്ചയ്ക്കുള്ളില്‍, യാത്ര 10 കോടി ജനങ്ങളെ ആകര്‍ഷിച്ച് 15 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു.
ജനുവരി 17ലെ കണക്കനുസരിച്ച് 2.21 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും 9,541 നഗരപ്രദേശങ്ങളിലുമായി 15.34 കോടി പേര് പങ്കെടുത്തതായി ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’ ഡാഷ്ബോര്‍ഡ് വ്യക്തമാക്കുന്നു.
ജനപങ്കാളിത്തം: ഓരോ ചുവടും ഒരുമിച്ച്
‘ജന്‍ ഭാഗീദാരി’ (പൊതുജന പങ്കാളിത്തം) എന്ന മനോഭാവം ഉള്‍ക്കൊള്ളുന്നതാണ് യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഈ സംരംഭം, നഗരങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിക്കുന്ന ഐഇസി വാനുകള്‍ വഴി ക്ഷേമ പദ്ധതികള്‍ അര്‍ഹരായ എല്ലാ വ്യക്തികളിലേക്കും എത്തിക്കാന്‍ ലക്ഷ്യമിടുന്നു.
ഈ വാനുകളിലൂടെ, ഗവണ്മെന്റ് പദ്ധതികള്‍, സുസ്ഥിര കൃഷി, താങ്ങാനാകുന്ന ആരോഗ്യസംരക്ഷണം, ശുചിത്വം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് നല്കുന്ന വിവരങ്ങള്‍ സമൂഹത്തെ അതിനായി സജ്ജമാക്കുന്നു.
ആരോഗ്യ ക്യാമ്പുകളില്‍ നാല് കോടിയിലധികം പേരെ പരിശോധിച്ചു
2024 ജനുവരി 17 വരെ 4 കോടിയിലധികം പേരെ ആരോഗ്യ ക്യാമ്പുകളില്‍ പരിശോധിച്ചു. ‘മൈ ഭാരത്’ ല്‍ 38 ലക്ഷത്തിലധികം രജിസ്ട്രേഷനുകളുണ്ട്. ഏവര്‍ക്കും പ്രാപ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി 2 കോടിയിലധികം ആയുഷ്മാന്‍ ഭാരത് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്തു.
രണ്ട് ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളില്‍ യാത്ര എത്തിച്ചേര്‍ന്നു. 2047ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്ക് 11 കോടിയിലധികം പേര് ‘സങ്കല്‍പ്പ്’ പ്രതിജ്ഞ എടുത്തു.
ഗ്രാമങ്ങള്‍തോറും പ്രകടമായ സ്വാധീനം
യാത്രയുടെ സ്വാധീനം അനിഷേധ്യമാണ്. ഒരു ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകള്‍ ആയുഷ്മാന്‍ കാര്‍ഡുകളുടെ 100% വിതരണം കൈവരിച്ച് ദശലക്ഷക്കണക്കിനുപേര്‍ക്ക് ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നു. ‘ഹര് ഘര്‍ ജല്‍’ പദ്ധതിയിലൂടെ ഇപ്പോള്‍ 79,000 ഗ്രാമപഞ്ചായത്തുകളില്‍ ശുദ്ധജലം എത്തുന്നു.
അതേസമയം 1.38 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകളില്‍ 100% ഭൂരേഖകള്‍ ഡിജിറ്റല്രൂപത്തിലാക്കിയതോടെ അവയുടെ സുതാര്യതയും സുരക്ഷിതത്വവും സുഗമമാക്കുന്നു. കൂടാതെ, 17,000ലധികം ഗ്രാമപഞ്ചായത്തുകള്‍ ഒഡിഎഫ് പ്ലസ് നേട്ടം കൈവരിച്ചു. ശുചിത്വ പൂര്‍ണമായ ജീവിതത്തിന്റെ സാക്ഷ്യപത്രമാണ്.
കണക്കുകള്‍ക്ക് അപ്പുറത്ത്, പങ്കുവയ്ക്കപ്പെട്ട സ്വപ്നം
എല്ലാ വീടുകളിലും പുരോഗതി എത്തുന്ന, എല്ലാവരാലും സമൃദ്ധി പങ്കിടുന്ന, വികസനം എന്നത് ശാക്തീകരിക്കപ്പെട്ട ജീവിതങ്ങളായി കണക്കാക്കപ്പെടുന്ന ഇന്ത്യയെക്കുറിച്ചുള്ള കൂട്ടായ സ്വപ്നം ജ്വലിപ്പിക്കുന്നതിലാണ് യാത്രയുടെ യഥാര്‍ഥ വിജയം. ഓരോ ഗ്രാമപഞ്ചായത്തും, ഓരോ ഗുണഭോക്താവും, ഓരോ പ്രതിജ്ഞയും എടുക്കുന്നതിലൂടെ ഈ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിലേക്ക് ഈ യാത്ര ഇന്ത്യയെ ഒരു പടി കൂടി അടുപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: