രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതും കേരളത്തിലെത്തിയത് വലിയ പ്രതികരണമാണുണ്ടാക്കിയിരിക്കുന്നത്. ജാതിമത ചിന്തകള്‍ക്കും കക്ഷി രാഷ്ട്രീയത്തിനും അതീതമായി രാഷ്ട്രത്തിന്റെ വികസനനായകന് ഗംഭീരമായ വരവേല്‍പ്പാണ് എല്ലായിടത്തും ലഭിച്ചത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ കാണാന്‍ എറണാകുളത്തപ്പന്റെയും ഗുരുവായൂരപ്പന്റെയും തൃപ്രയാറപ്പന്റെയും മണ്ണില്‍ ജനസഹസ്രങ്ങള്‍ കാത്തുനില്ക്കുകയായിരുന്നു. മുഖ്യമായും നടന് സുരേഷ് ഗോപിയുടെ മകളുടെ ഗുരുവായൂരില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും, കൊച്ചി കപ്പല്‍ശാലയിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുമാണ് മോദിയെത്തിയത്. ഈ മാസം മൂന്നിന് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ നാരീശക്തി സംഗമത്തില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നു. കേരളത്തിലെ ജനങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീ സമൂഹത്തില്‍ ഈ പരിപാടിയും, അതില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗവും സൃഷ്ടിച്ച ആവേശത്തിന്റെ അലകള്‍ കെട്ടടങ്ങുന്നതിനു മുന്‍പാണ് ഒന്നിനുപിറകെ ഒന്നായി അഞ്ച് പരിപാടികളില്‍ പങ്കെടുത്ത് മോദി പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയശേഷം എറണാകുളം മഹാനഗരത്തില്‍ നടത്തിയ റോഡ് ഷോയിലെ ജനപങ്കാളിത്തം ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംഘടനാപരമായ കരുത്തും, ലോകനേതാവായി ഉയര്‍ന്നിരിക്കുന്ന നരേന്ദ്ര മോദിയോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യവും ഒരുപോലെ പ്രകടമാക്കുകയുണ്ടായി. ചില മാധ്യമങ്ങളുടെ കുപ്രചാരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവായിരുന്നു എറണാകുളത്തെ പ്രധാനമന്ത്രിയുടെ റോഡ്ഷോ. പതിവിലും വൈകിയാണ് പ്രധാനമന്ത്രി എത്തിയതെങ്കിലും ജനനായകനെ നേരില്‍ കണ്ടിട്ടാണ് ഓരോരുത്തരും മടങ്ങിയത്.
പ്രമുഖ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാവുന്ന ഗുരുപവനപുരിയില്‍ വധൂവരന്മാരെ ആശിര്‍വദിക്കാനാണ് പ്രധാനമന്ത്രി അവിടെയെത്തിയതെങ്കിലും വലിയൊരു സാംസ്കാരിക സംഗമമായി അത് മാറുകയായിരുന്നു. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമടക്കം വന്‍ താരനിരതന്നെ പങ്കെടുത്ത വിവാഹച്ചടങ്ങിലെ തിളക്കം ഒന്നുവേറെ തന്നെയായിരുന്നു. പ്രധാനമന്ത്രി എത്തുന്നതിന്റെ പേരില്‍ ഗുരുവായൂരിലെ വിവാഹങ്ങള്‍ മാറ്റിവയ്ക്കുകയാണെന്ന ഒരു കള്ളക്കഥ പ്രചരിപ്പിച്ച് സംഭവം വിവാദമാക്കാനുള്ള ശ്രമം സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന കക്ഷിയില്‍നിന്നും അവരുടെ ജിഹ്വയില്‍ നിന്നും ഉണ്ടായി. വിവാഹങ്ങളുടെ സമയക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുകമാത്രമാണ് ചെയ്തിട്ടുള്ളതെന്ന് പിന്നീട് വ്യക്തമായെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പിന്നെയും ഇക്കൂട്ടര്‍ വിവാദം ആളിക്കത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സുരേഷ് ഗോപിയുടെ മകളെയും വരനെയും മാത്രമല്ല മറ്റ് പത്ത് വധൂവരന്മാരെയും പ്രധാനമന്ത്രി ആശിര്‍വദിച്ചു. അവര്‍ക്ക് അക്ഷതം നല്കി അനുഗ്രഹിക്കുകയും ചെയ്തു. ഇവിടെനിന്ന് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി അവിടുത്തെ പ്രധാന വഴിപാടായ മീനൂട്ട് നടത്തി. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് വ്രതമെടുത്തിരിക്കുന്ന പ്രധാനമന്ത്രി കേരളത്തിലെ പുരാതനമായ രാമക്ഷേത്രവും നാലമ്പലങ്ങളിലൊന്നുമായ തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത് ശ്രദ്ധേയമാണ്.
കൊച്ചി കപ്പല്‍ശാലയില്‍ 4000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം രാജ്യത്തിന്റെ വികസനമുന്നേറ്റത്തില്‍ കേരളവും അണിചേരണമെന്ന ആഹ്വാനമായിരുന്നു. ഭാരതം ആഗോളവ്യാപാര കേന്ദ്രമായി മാറുമ്പോള്‍ കൊച്ചി കപ്പല്‍ശാല അതിന്റെ ശേഷി വര്‍ധിപ്പിച്ചിരിക്കുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് കേരളം ഉള്‍പ്പെടെ ഓരോ സംസ്ഥാനവും രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കുന്നതില്‍ പങ്കുവഹിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ഉയര്‍ന്ന കരഘോഷം മാറ്റത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗത്തില്‍ വികസനം കൊണ്ടുവന്നതിന് പ്രധാനമന്ത്രിക്ക് തുടര്‍ച്ചയായി നന്ദി പറയുകയുണ്ടായി. എന്നാല്‍ ഇതേയാള്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണെന്നു പറഞ്ഞ് ദുഷ്പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ പ്രധാനമന്ത്രി മോദിയുടെ പേരുപോലും പറയാന്‍ കൂട്ടാക്കാതിരുന്നയാളാണ് പിണറായിയെന്നതും മറന്നുകൂടാ. കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ വന്നിരിക്കുന്ന ചില മാറ്റങ്ങളും പിണറായിയുടെ പുത്തന്‍ സ്നേഹത്തിനു പിന്നിലുണ്ടെന്നു കരുതാവുന്നതാണ്. ബിജെപിയുടെ ശക്തികേന്ദ്ര പ്രമുഖരുടെ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികളുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ ശക്തമായി പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ വിജയം നേടാന്‍ ബിജെപിക്ക് കഴിയുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഹൃദയത്തിലേറ്റു വാങ്ങിയാണ് പ്രവര്‍ത്തകര്‍ കര്‍മക്ഷേത്രത്തിലേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: