കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിപിഎം അതിവിദഗ്ദ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ വന്‍ അഴിമതിയാണെന്ന് ഒന്നുകൂടി വ്യക്തമാവുകയാണ്. സിപിഎമ്മിന്റെ പ്രാദേശിക, ജില്ല, സംസ്ഥാന തലങ്ങളിലെ പല നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നു കണ്ടെത്തി. അവര്‍ കേസില്‍ പ്രതികളാണ്. മറ്റു ചിലരെ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയുണ്ടായി. ചിലര്‍ ജാമ്യം പോലും കിട്ടാതെ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഇപ്പോഴിതാ വ്യവസായ-നിയമമന്ത്രി പി. രാജീവിനും അഴിമതിയില്‍ പങ്കുള്ളതായ വിവരം പുറത്തുവന്നിരിക്കുന്നു. രാജീവ് സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ കരുവന്നൂര്‍ ബാങ്കില്‍നിന്ന് അനധികൃത വായ്പ നല്കാന് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍ നല്കിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തലുള്ളത്. മുന്‍ മന്ത്രി എ.സി.മൊയ്തീനും, മുതിര്‍ന്ന സിപിഎം നേതാവായ പാലൊളി മുഹമ്മദ് കുട്ടിക്കും ബാങ്ക് തട്ടിപ്പില്‍ പങ്കുള്ളതായും സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൊയ്തീനെ നേരത്തെ ഒന്നിലധികം തവണ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മൊയ്തീനും കേസില്‍ പ്രതിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. നിക്ഷേപകരുടെ പണം തട്ടിയെടുക്കാന്‍ വളരെ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും, യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നുമാണ് ഇ ഡി കോടതിയെ അറിയിച്ചിരിക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നിട്ടുള്ളതെന്ന് ഒന്നുകൂടി വ്യക്തമാവുകയാണ്. അനധികൃത വായ്പയായി ആറുകോടി രൂപ നല്കാന് പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയതായാണ് മൊഴി. ഒരാള്‍തന്നെ ഇത്രയും വലിയ തുകയുടെ തട്ടിപ്പിന് നേതൃത്വം നല്‍കിയെന്നറിയുമ്പോള്‍ മറ്റുള്ളവരുടെ പങ്കുകൂടി കണക്കിലെടുത്താല്‍ ആരെയും അമ്പരിപ്പിക്കുന്ന അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് മനസ്സിലാക്കാനാവും. ഈ ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത മറ്റ് നേതാക്കളെപ്പോലെ പി.രാജീവും തനിക്കെതിരായ വെളിപ്പെടുത്തലിനെ നിസ്സാരവല്‍ക്കരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലമല്ലേ, ഇതുപോലെ വെറെയും ആരോപണങ്ങളുണ്ടാവുമെന്നാണ് രാജീവ് പറയുന്നത്. ആരോപണം നിഷേധിക്കാനാവാത്തതിനാല്‍ ജനങ്ങളെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനാണ് ഇതിലൂടെ നോക്കുന്നത്. ലാവ്ലിന് അഴിമതിയുടെ കാലം മുതല്‍ പിണറായി വിജയന്റെ വലംകയ്യായി അറിയപ്പെടുന്ന രാജീവ് യാതൊരു കൂസലുമില്ലാതെ പ്രതികരിക്കുന്നത് പാര്‍ട്ടിയും സര്‍ക്കാരും തന്നെ സംരക്ഷിക്കുമെന്ന ഉറപ്പുളളതിനാലാണ്. പണം കൈപ്പറ്റിയതായി മൊഴിയുള്ള മുന്‍ എംപി: പി.കെ.ബിജുവും മറ്റും സ്വീകരിക്കുന്ന അടവുനയവും ഇതുതന്നെയാണ്. അഴിമതി വീരനായ ഒരു മുഖ്യമന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ തങ്ങള്‍ക്ക് ആരെയും ഭയക്കാനില്ലെന്ന ഭാവമാണ് രാജീവിനെയും ബിജുവിനെയും പോലുള്ള നേതാക്കള്‍ക്കുള്ളത്. ഇവര്‍ സാധാരണ അഴിമതിക്കാരല്ല, അതിവിദഗ്ധരായ കൊള്ളക്കാരാണ്. ആ നിലയ്ക്കു വേണം ഇവര്‍ക്കെതിരായ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: